ad
Deshabhimani

വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; ഭാരവാഹികളെ നീക്കിയ വിധിക്ക് സ്റ്റേ ഇല്ല, അപ്പീൽ തിങ്കളാഴ്ച

Vellappally Natesan.jpg
വെബ് ഡെസ്ക്

Published on Mar 19, 2026, 12:47 PM | 1 min read

എറണാകുളം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികളെ നീക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സിംഗിൾ ബെഞ്ച് വിധി പ്രകാരമുള്ള നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിർദ്ദേശം.


വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. മാർച്ച് 12-നാണ് വെള്ളാപ്പള്ളി നടേശനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി ഉത്തരവിട്ടത്.


എംകെ സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് പിആർ രവിയുടേതായിരുന്നു നിർണ്ണായക വിധി. വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിൽ വരുത്തിയ ഗുരുതരമായ വീഴ്ചയും കണക്കുകളിലെ ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് ഭാരവാഹികളെ അയോഗ്യരാക്കിയത്.


ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എംഎൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടങ്ങുന്ന ഭരണസമിതിയെയാണ് കോടതി നീക്കിയത്. കമ്പനി നിയമപ്രകാരം റിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് കോടതി കണ്ടെത്തി.


സിംഗിൾ ബെഞ്ച് വിധിയിൽ സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ വെള്ളാപ്പള്ളിക്ക് തൽക്കാലം സ്ഥാനത്തേക്ക് മടങ്ങിയെത്താനാവില്ല. തിങ്കളാഴ്ചത്തെ കോടതി വിധി ഭരണസമിതിക്ക് നിർണ്ണായകമാകും.


എസ്എൻഡിപി യോഗത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിലൂടെയാണ് നിലവിൽ സംഘടന കടന്നുപോകുന്നത്. പതിറ്റാണ്ടുകളായി യോഗം ഭരിക്കുന്ന വെള്ളാപ്പള്ളി നടേശനെതിരെയുള്ള ഈ കോടതി നടപടി സമുദായ രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home