Deshabhimani

ഷാനിമോൾ ഉസ്‌മാന് ഹൈക്കോടതി നോട്ടീസ്

kerala highcourt shanimol
വെബ് ഡെസ്ക്

Published on Nov 14, 2026, 09:23 AM | 1 min read

ആലപ്പുഴ : ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ നൽകിയ ഹർജിയിൽ ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാന് ഹൈക്കോടതിയുടെ നോട്ടീസ്. ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാന്റെ പരാതിയിൽ ജെയിംസ് ശമുവേലിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് എഫ്‌ഐആർ ഇട്ടതിനെതിരെ നൽകിയ ഹർജിയിലാണ്‌ ഉത്തരവ്‌.


നെടുമ്പാശേരി വാഹനാപകടത്തിലെ പ്രതിയെ രക്ഷിക്കാൻ ആലപ്പുഴയിലെ കോൺഗ്രസ് നേതാക്കന്മാർ ഇടപെടുന്നുവെന്ന് ആരോപണം ഉന്നയിച്ചതിനാണ്‌ ഷാനിമോൾ സൗത്ത് പൊലീസിൽ മാനനഷ്‌ടത്തിന് പരാതി നൽകിയത്. മാനനഷ്‌ടക്കേസുകൾ കോടതിവഴി അല്ലാതെ പൊലീസിന് നേരിട്ട് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നിരിക്കെ നിയമവിരുദ്ധമായി കലാപാഹ്വാനം പോലെയുള്ള ക്രിമിനൽകുറ്റങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാതെ എഫ്ഐആറിൽ കൂട്ടിച്ചേർത്താണ് കേസ് രജിസ്‌റ്റർ ചെയ്‌തതെന്ന് ഹർജിയിൽ പറയുന്നു.


രാഷ്‌ട്രീയപരമായ എതിർശബ്‌ദങ്ങളെ ഇല്ലാതാക്കാൻ പൊലീസിനെ ഉപയോഗിച്ച് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കള്ളക്കേസുകൾ നൽകുകയാണെന്ന്‌ ജെയിംസ് ശമുവേൽ പറഞ്ഞു. ഷാനിമോൾ ഉസ്‌മാനെ കൂടാതെ എക്‌സൈസ് മന്ത്രി എം ലിജു, കോൺഗ്രസ് നേതാവ് എ എ ഷുക്കൂർ എന്നിവരുടെ പരാതിയിലും സൗത്ത് പൊലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കേസ് ഡിസംബർ നാലിന്‌ ഹൈക്കോടതി പരിഗണിക്കും. ഹർജിക്കാരനുവേണ്ടി ഹൈക്കോടതി അഭിഭാഷകരായ അഡ്വ. ശ്രീജേഷ് ബോൺസലെ, അഡ്വ. മൻസൂർ അലി എന്നിവർ ഹാജരായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home