ad
Deshabhimani

print edition ഹൈക്കോടതി സർക്കാർ അഭിഭാഷക നിയമനങ്ങളിൽ പരാതിപ്രവാഹം

Highcourt
വെബ് ഡെസ്ക്

Published on Jun 15, 2026, 12:01 AM | 1 min read

കൊച്ചി: യുഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷം ഹൈക്കോടതിയിൽ നടത്തിയ സർക്കാർ അഭിഭാഷക നിയമനങ്ങളിൽ പരാതിപ്രവാഹം. പ്രവൃത്തിപരിചയവും വേണ്ട യോഗ്യതയുമില്ലാത്തവരെയാണ്‌ നിയമിച്ചതെന്ന്‌ ആക്ഷേപമുയരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എ നോബിൾകുമാറിന്റെ ഭാര്യ രാജശ്രീ ആർ നായർക്ക്‌ ഏഴുവർഷത്തെ പ്രവൃത്തിപരിചയമില്ലെന്ന്‌ ലോയേഴ്സ് കോൺഗ്രസ് കെപിസിസിക്ക്‌ അയച്ച കത്തിൽ പറയുന്നു. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പി കെ അബ്ദുറഹ്മാൻ കെപിസിസി പ്രസിഡന്റിനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനുമാണ്‌ പരാതി നൽകിയിരിക്കുന്നത്‌.

ഗവ. പ്ലീഡറാകണമെങ്കിൽ ഏഴുവർഷം ഹൈക്കോടതി അഭിഭാഷകരായി പ്രാക്ടീസ്‌ ചെയ്യണമെന്നതാണ്‌ ചട്ടം. 2018ൽ എൻറോൾചെയ്ത രാജശ്രീ, 2020 ജനുവരി ഒന്നിന് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ ജോലിയിൽ പ്രവേശിച്ചു. 2025 വരെ ഇവിടെ ജോലിചെയ്‌തു. ജോലിക്ക് കയറുമ്പോൾ കോടതിയിൽ പ്രാക്ടീസ് ചെയ്യരുത്. ഒന്നരവർഷംപോലും കോടതിയിൽ പ്രാക്ടീസ് ചെയ്യാത്ത രാജശ്രീക്ക് നിയമനം നൽകിയതിൽ ലോയേഴ്‌സ്‌ കോൺഗ്രസ്‌ കടുത്ത പ്രതിഷേധത്തിലാണ്‌.


ബിജെപി അഭിഭാഷക സംഘടന അഭിഭാഷക പരിഷത്തിന്റെ നേതാവ്‌ അമൽ ദർശനെ നിയമിക്കാനുള്ള നീക്കത്തിനെതിരെയും ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധമുയർത്തിയിട്ടുണ്ട്‌. ഗവ. പ്ലീഡർമാരെ നിയമിക്കാനുള്ള ആദ്യഘട്ട പട്ടികയിൽ അമൽ ദർശന്റെ പേരുണ്ടെന്നും സംഘടന ആരോപിക്കുന്നു. ഇത്‌ തടയണമെന്നും ലോയേഴ്‌സ്‌ കോൺഗ്രസ്‌ ആവശ്യപ്പെട്ടു. നിലവിൽ കസ്‌റ്റംസ്‌ സ്‌റ്റാൻഡിങ്‌ കോൺസലാണ്‌ അമൽ ദർശൻ. ബിജെപി അഭിഭാഷക സംഘടനാ നേതാവിനെ ഒരുകാരണവശാലും സർക്കാർ അഭിഭാഷകനായി നിയമിക്കരുതെന്നാണ്‌ ലോയേഴ്‌സ്‌ കോൺഗ്രസ്‌ ആവശ്യപ്പെടുന്നത്‌.

കേന്ദ്രസർക്കാർ സ്‌റ്റാൻഡിങ്‌ കോൺസലായ ചിത്ര പി ജോർജിനെ ഹൈക്കോടതി അഭിഭാഷകയായി നിയമിച്ചത്‌ ബിജെപി ബന്ധത്തിന്റെ പേരിലാണെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്‌. കോൺഗ്രസുകാരായ അഭിഭാഷകരെ നിയമിക്കാതെ ബിജെപി ബന്ധമുള്ളവരെ പ്രവൃത്തിപരിചയം നോക്കാതെ നിയമിക്കുന്നുവെന്നും ലോയേഴ്‌സ്‌ കോൺഗ്രസ്‌ ആരോപിക്കുന്നു.


മുഖ്യമന്ത്രി വി ഡി സതീശന്റെ താൽപ്പര്യപ്രകാരം നടത്തുന്ന നിയമനങ്ങൾക്കെതിരെ മുസ്ലിംലീഗ്‌ അഭിഭാഷക സംഘടനയും രംഗത്തുവന്നിരുന്നു. യോഗ്യതയും രാഷ്‌ട്രീയാനുഭാവവുമില്ലാത്തവരെ പരിഗണിച്ചതിൽ കോഴയിടപാടുണ്ടെന്നാണ്‌ ആക്ഷേപം. പ്ലീഡർനിയമനത്തിന്‌ 10 മുതൽ 15 ലക്ഷംവരെ ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home