തടവുകാരുടെ വേതനവർദ്ധനവ്; സർക്കാർ പ്രഖ്യാപനത്തിനെതിരെയുള്ള ഹർജി തള്ളി

കൊച്ചി: സംസ്ഥാനത്തെ ജയിൽ അന്തേവാസികളുടെ വേതനം വർധിപ്പിച്ച സർക്കാർ നടപടിക്കെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. വേതനവർധനവ് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഇതിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തടവുകാരുടെ വേതനവർധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസ്സും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഏഴു വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ജയിൽ അന്തേവാസികളുടെ കൂലി പരിഷ്കരിക്കുന്നത്.
ജനുവരി 15-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. പുതിയ നിരക്ക് പ്രകാരം സ്കിൽഡ് ജോലിക്ക് 620 രൂപയും സെമി സ്കിൽഡിന് 560 രൂപയും അൺ സ്കിൽഡ് ജോലിക്ക് 530 രൂപയുമാണ് ദിവസക്കൂലി. നേരത്തെ ഇത് യഥാക്രമം 152, 127, 63 രൂപ വീതമായിരുന്നു.
തടവുകാർക്ക് ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ വ്യക്തമാക്കിയിരുന്നു. 2016-ലെ മോഡൽ പ്രിസൺ മാനുവൽ പ്രകാരം മൂന്ന് വർഷത്തിലൊരിക്കൽ വേതനം പരിഷ്കരിക്കേണ്ടതുണ്ട്.










0 comments