ad
Deshabhimani

'നല്ല ഭരണമല്ലേ, ഇതിൽ എന്താണ് തെറ്റ്?’; സർക്കാർ ജീവനക്കാർക്ക് സന്ദേശം അയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി

Highcourt.jpg
വെബ് ഡെസ്ക്

Published on Mar 05, 2026, 05:28 PM | 1 min read

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശങ്ങൾ അയച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഹൈക്കോടതി. ഐടി മിഷന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് ഭരണനിർവ്വഹണത്തിന്റെ ഭാഗമായി അയച്ച സന്ദേശങ്ങളെ എങ്ങനെയാണ് ഡാറ്റാ ചോർച്ചയായി കാണാൻ കഴിയുകയെന്ന് കോടതി ചോദിച്ചു.


സർക്കാരിനെതിരായ ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേസ് വിധി പറയാനായി മാറ്റി. സർക്കാർ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങളും സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങളും ജീവനക്കാരെ അറിയിക്കുന്നത് നല്ല ഭരണനിർവ്വഹണത്തിന്റെ ഭാഗമല്ലേ എന്ന് കോടതി ഹർജിക്കാരോട് ചോദിച്ചു.


സന്ദേശങ്ങൾ അയക്കുന്നതിൽ പൂർണ്ണമായ നിയന്ത്രണം ഐടി മിഷനാണെന്നും ഇതിൽ മറ്റ് ഏജൻസികൾക്ക് പങ്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മെറ്റാ വെരിഫൈ ചെയ്ത ഐഡി വഴിയാണ് സന്ദേശങ്ങൾ അയക്കുന്നതെന്ന് ഐടി മിഷൻ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി വിശദീകരിച്ചു.


ഐടി മിഷന്റെ പക്കലുള്ള ഔദ്യോഗിക വിവരങ്ങൾ ഉപയോഗിച്ച് സർക്കാർ സന്ദേശങ്ങൾ അയക്കുന്നതിൽ എന്ത് നിയമവിരുദ്ധതയാണുള്ളതെന്ന് കോടതി ആരാഞ്ഞു. സ്പാർക്ക് പോർട്ടലിലെ വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടില്ലെന്നും സിഎംഒ കേരള എന്ന പേരിൽ ഐടി മിഷന്റെ സെൻസർ ഐഡി വഴിയാണ് സന്ദേശങ്ങൾ അയച്ചതെന്നും സർക്കാർ വ്യക്തമാക്കി.


ശമ്പള വിതരണത്തിനായി നൽകിയ ഫോൺ നമ്പറുകൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു എന്നായിരുന്നു കോൺഗ്രസ് അനുകൂല സംഘടനകളിലെ ജീവനക്കാരുടെ ആരോപണം. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ കോടതി ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും, സർക്കാരും ഐടി മിഷനും നൽകിയ വിശദമായ സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് കോടതിയുടെ പുതിയ നിരീക്ഷണങ്ങൾ.


സന്ദേശങ്ങൾ അയക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമല്ലെന്നും ഔദ്യോഗിക വിനിമയമാണെന്നും സർക്കാർ വാദിച്ചു. കേസ് കോടതി വിധി പറയാൻ മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home