print edition ക്രൈസ്തവ സ്ത്രീകളുടെ വിവാഹമോചനം; താമസസ്ഥലത്തെ കുടുംബകോടതിയിൽ ഹർജി നൽകാം

കൊച്ചി: ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ വിവേചനം അവസാനിപ്പിച്ച് ഹൈക്കോടതിയുടെ സുപ്രധാന വിധി. വിവാഹമോചനത്തിനായി ക്രൈസ്‌തവ സ്‌ത്രീകൾക്ക്, താമസിക്കുന്ന സ്ഥലത്തെ കുടുംബകോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ കെ പ്രീത എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 1869-ലെ വിവാഹമോചന നിയമത്തിലെ വ്യവസ്ഥകൾ ലിംഗനീതി ഉറപ്പാക്കുന്ന തരത്തിൽ വ്യാഖ്യാനിക്കണമെന്നും കോടതി വ്യക്തമാക്കി.
വയനാട് തൊണ്ടർനാട് സ്വദേശിനി നൽകിയ അപ്പീലിലാണ് ഉത്തരവ്. കാസർകോട് സ്വദേശിയായ ഭർത്താവിന്റെ ഗാർഹികപീഡനത്തെതുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി, കൽപ്പറ്റ കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകിയിരുന്നു. നിയമപ്രകാരം വിവാഹം നടന്നതോ ദമ്പതികൾ ഒന്നിച്ച് താമസിച്ചതോ ഭർത്താവ് നിലവിൽ താമസിക്കുന്നതോ ആയ സ്ഥലത്തെ കോടതിക്കേ ഇടപെടാൻ അധികാരമുള്ളൂവെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളി.
ഇതിനെതിരെ നൽകിയ ഹർജി സിംഗിൾബെഞ്ചും നിരസിച്ചതോടെയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഹിന്ദു വിവാഹനിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും ഭാര്യ താമസിക്കുന്ന സ്ഥലത്ത് ഹർജി നൽകാൻ വ്യവസ്ഥയുണ്ടെങ്കിലും ക്രൈസ്തവർക്ക് ബാധകമായ 1869ലെ നിയമത്തിൽ ഇതില്ലായിരുന്നു. വിവേചനം ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
നിയമത്തിലെ ‘ഭർത്താവും ഭാര്യയും താമസിക്കുന്ന ഇടം' എന്ന വ്യവസ്ഥയെ വിശാലമായി വ്യാഖ്യാനിച്ച കോടതി, ഭാര്യ താമസിക്കുന്ന സ്ഥലത്തെ കോടതിക്കും അധികാരപരിധിയുണ്ടെന്ന് വ്യക്തമാക്കി.
ഭർതൃവീട്ടിൽനിന്ന് മാറിത്താമസിക്കേണ്ടിവരുന്ന സ്ത്രീകൾക്ക് ദൂരെയുള്ള കോടതികളിൽ കേസ് നടത്തുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. യുവതിക്ക് കൽപ്പറ്റ കുടുംബകോടതിയെത്തന്നെ സമീപിക്കാമെന്നും വ്യക്തമാക്കി.










0 comments