print edition മാധ്യമങ്ങളിലെ അറസ്‌റ്റ് വാർത്ത; മാനനഷ്ടപരിധിയിൽ വരില്ല: ഹെെക്കോടതി

കൊച്ചി: അറസ്‌റ്റ് നടപടികളുടെ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ നൽകുന്ന അപകീർത്തിക്കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി. ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ വാർത്ത നൽകുന്നത് മാനനഷ്‌ടത്തിന്റെ പരിധിയിൽ വരില്ലെന്നും ദുരുദ്ദേശം ആരോപിക്കാനാവില്ലെന്നും ജസ്റ്റിസ് സി എസ് ഡയസ് വ്യക്തമാക്കി. ആലങ്ങാട് സ്വദേശി ഹരികുമാർ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
2020 ആഗസ്‌ത് 17ന് സ്‌കൂട്ടറിൽ മദ്യം കടത്തിയതിന് ഹരികുമാറിനെ എക്‌സൈസ് അറസ്റ്റ് ചെയ്ത വാർത്ത ഫോട്ടോ സഹിതം പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും കേസിൽ പിന്നീട് വെറുതെവിട്ടെന്നും കാണിച്ചായിരുന്നു ഹർജി. ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തതും കേസെടുത്തതും വസ്തുതയാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യുന്നത് മാധ്യമങ്ങളുടെ ജോലിയാണെന്ന് കോടതി നിരീക്ഷിച്ചു.
ഔദ്യോഗിക രേഖകളെ അടിസ്ഥാനമാക്കി നൽകുന്ന വാർത്തകളിൽ ദുരുദ്ദേശം ആരോപിക്കാനാവില്ല. പ്രതിയാക്കപ്പെട്ടയാൾക്ക് പ്രയാസം തോന്നുന്നതുകൊണ്ട് മാത്രം അത് മാനനഷ്ടമാകില്ല. സൽപ്പേരിന് കളങ്കമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ നൽകുന്ന റിപ്പോർട്ടാണെന്ന് തെളിയാത്തപക്ഷം കേസ് നിലനിൽക്കില്ല. അറസ്റ്റ് ചെയ്‌തെന്ന ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാർത്ത നൽകിയത്. പിന്നീട് കോടതി വെറുതെ വിട്ടോ എന്നത് പരിഗണനാ വിഷയത്തിൽ പ്രസക്തമല്ലെന്നും കോടതി വ്യക്തമാക്കി.










0 comments