ad
Deshabhimani

എൽഡിഎഫിന്റെ ജനകീയ ആരോ​ഗ്യ മാതൃകയും യുഡിഎഫിന്റെ ഇൻഷുറൻസ് 'കൊള്ള'യും

Kerala Health

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 23, 2026, 04:09 PM | 3 min read

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2026 മാർച്ച് 7ന് തിരുവനന്തപുരത്ത് വെച്ച് രാഹുൽ ​ഗാന്ധി അഞ്ച് വാ​ഗ്ദാനങ്ങൾ നൽകുകയുണ്ടായി. അതിൽ ഏറ്റവും പ്രാധാന്യമുള്ളതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യുന്ന ഒന്നാണ് ഉമ്മൻചാണ്ടി ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി.


സംസ്ഥാനത്തെ എല്ലാവർക്കും 25 ലക്ഷം രൂപയുടെ ആരോ​ഗ്യ ഇൻഷുറൻസ് ഉറപ്പാക്കുമെന്നാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്. ഇത് കേൾക്കുമ്പോൾ വലിയ സംഭവമായൊക്കെ തോന്നാം. എന്നാൽ സാധരണക്കാർക്ക് യാതൊരു പ്രയോജനവും ലഭിക്കാനിടയില്ലാത്ത പദ്ധതിയാണിത്. മാത്രമല്ല പൊതുഖജനാവിൽ നിന്ന് ആയിരക്കണക്കിന് കോടി രൂപയാണ് ഇതിലൂടെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ അക്കൗണ്ടിലേക്കെത്തുക.


എൻഎച്ച്എ വിവരങ്ങൾ, ഇൻഷുറൻസ് കണക്കുകളിലെ വസ്തുതകൾ, കേരളത്തിലെ ആരോ​ഗ്യ ചെലവുകൾ എന്നിവ കണക്കിലെടുത്ത് വിശദീകരിച്ചാൽ യുഡിഎഫ് പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതിക്കു പിന്നിലെ പൊള്ളത്തരങ്ങൾ മനസിലാവും.


കേരളത്തിലെ ആരോ​ഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ 229 പ്രധാന ആശുപത്രികൾ, 849 കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, 4500ലധികം സബ് സെന്ററുകളും പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളുമുണ്ട്. ഇതുവഴി ഒരു വർഷത്തിൽ 3.40 കോടിയിലധികം പേർ ഒപിയിൽ ചികിത്സക്കെത്തുന്നുണ്ട്. കൂടാതെ 28 ലക്ഷത്തോളം രോ​ഗികൾക്ക് കിടത്തി ചികിത്സയും നൽകുന്നുണ്ട്.


സർക്കാർ ആശുപത്രികൾ വഴി 60 ലക്ഷത്തിലധികം ഒപി പരിശോധനയും 5.5 ലക്ഷം കിടത്തി ചികിത്സയും നടത്തിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ 3 ലക്ഷത്തിലധികം പ്രധാന ശസ്ത്രക്രിയകളും 7 ലക്ഷത്തോളം ചെറിയ ശസ്ത്രക്രിയകളും നടത്തി. ഇവയിൽ ഭൂരിഭാ​ഗവും ഇൻഷുറൻസ് കമ്പനികളുടെ പിൻബലത്തിൽ നടന്നവയല്ല.


ഇന്ത്യയുടെ ആഭ്യന്തര വരുമാനത്തിന്റെ 3.3 ശതമാനം മാത്രം ആരോ​ഗ്യമേഖലക്ക് വേണ്ടി മാറ്റിവെക്കുമ്പോൾ സംസ്ഥാനം 4.50 ശതമാനം ചെലവഴിക്കുന്നു. കിടത്തി ചികിത്സക്കാണ് കേരളം കൂടുതൽ പണം മാറ്റിവെക്കുന്നത്. പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി നൽകുന്നതിനാലും മാതൃ-ശിശു ആരോ​ഗ്യത്തിൽ മികച്ച നേട്ടം കൈവരിച്ചതിനാലും അധികതുക ചെലവഴിക്കേണ്ടി വരുന്നില്ല.


കേരളത്തിലെ സ്വകാര്യ ആശുപത്രികൾ സാധാരണക്കാരിൽ നിന്ന് ആരോ​ഗ്യച്ചെലവിന്റെ ഭൂരിഭാ​ഗവും കൈക്കലാക്കുന്നുണ്ട്. മറ്റൊരു വിഭാ​ഗം ഫാർമസികളാണ്. ഫാർമസി ചെലവുകൾക്കും സാധാരണക്കാർ കൂടുതൽ പണം ചെലവഴിക്കുന്നുണ്ട്. കേരളത്തിൽ വർധിച്ചു വരുന്ന വയോജനങ്ങളുടെ എണ്ണം, പ്രമേഹം, ബിപി, ബ്രാൻഡഡ് മരുന്നുകൾ വാങ്ങാനുള്ള താല്പര്യം എന്നിവയെല്ലാം ഉയർന്ന ചെലവിന് കാരണമാകുന്നുണ്ട്. ഇത്രയും മികച്ച ആരോ​ഗ്യ പരിചരണ സംവിധാനങ്ങൾ ഉറപ്പു നൽകിയിട്ടും ആകെ ചെലവിന്റെ 17.93 ശതമാനം മാത്രമേ എത്തുന്നുള്ളൂ. അതായത് സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നുവെന്ന് ചുരുക്കം.


ഈ സൗജന്യ സേവനങ്ങൾക്കു പുറമെ അഷ്വറൻസ് മോഡലിൽ ചെലവാക്കുന്ന മുഴുവൻ തുകയും സർക്കാർ വഹിക്കുന്ന ഇൻഷുറൻസ് സേവനവുമുണ്ട്. സ്വകാര്യ ഇൻഷുറൻസ് ഇടനിലക്കാരില്ലാതെ സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നിയന്ത്രിക്കുന്ന കാരുണ്യ ആരോ​ഗ്യ സുരക്ഷാ പദ്ധതി (KASP). ഇതുവഴി ഏകദേശം 42 ലക്ഷം കുടുംബങ്ങൾക്ക് കിടത്തി ചികിത്സക്ക് പരിചരണം നൽകുന്നതിനായി പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള പരിരക്ഷ ഉറപ്പാക്കുന്നു.


ഇനി യുഡിഎഫ് പ്രഖ്യാപിച്ച 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസിന്റെ യാഥാർഥ്യത്തിലേക്ക് വരാം. കേരളത്തിലെ നിലവിലെ സ്ഥിതി കൂടെ പരി​ഗണിച്ച് ഇൻഷുറൻസ് പ്രീമിയം കണക്കാക്കിയാൽ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന ഒരു പദ്ധതിയാണിത്.


ഇന്ത്യയിൽ സ്വന്തം വരുമാനത്തിൽ നിന്ന് ആരോ​ഗ്യ ചെലവുകൾ ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. അണുകുടുംബങ്ങൾ വർധിച്ചതും പ്രതിവർഷം 0.35 ശതമാനം ജനസംഖ്യാ വളർച്ചയും കണക്കിലെടുത്താൽ ഈ വർഷം അവസാനത്തോടെ കേരളത്തിലെ കുടുംബങ്ങളുടെ എണ്ണം 85 ലക്ഷമായി ഉയരും. അതിൽ ഏകദേശം 28 ലക്ഷത്തോളം പേർ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്. ഇതെല്ലാം പരി​ഗണിക്കുമ്പോൾ 25 ലക്ഷത്തിന്റെ ഹെൽത്ത് ഇൻഷുറൻസിന് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും സമ്പൂർണ പരിരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ചുരുക്കം.


യുഡിഎഫ് പ്രഖ്യാപിച്ചപോലെ എല്ലാ കുടുംബങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെങ്കിൽ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 24 ശതമാനം ആവശ്യമായി വരും. അതായത് യുഡിഎഫിന്റെ പ്രഖ്യാപനം തികച്ചും അപ്രായോ​ഗികമാണ്. ഇൻഷുറൻസ് പരിരക്ഷ വർധിക്കുമ്പോൾ പ്രീമിയവും വർധിക്കുമെന്നതിനാൽ അധിക ബാധ്യതയാണ് സർക്കാരിന് വന്നുചേരുക. മാത്രമല്ല പൊതുജനങ്ങൾക്ക് അത്യാവശ്യഘട്ടങ്ങളിൽ ഈ പരിരക്ഷ ഉറപ്പായെന്നും വരില്ല.


യുഡിഎഫിന്റെ 25 ലക്ഷം രൂപയുടെ ​ഗ്യാരണ്ടി ഒരു ആരോ​ഗ്യ നയമല്ല. അത് കേരളത്തിന്റെ ആരോ​ഗ്യ മേഖലയെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് തൂക്കിവിൽക്കാനുള്ള ​ഗൂഢ പദ്ധതിയാണ്. ഈ പദ്ധതിയിലൂടെ വാ​ഗ്ദാനം ചെയ്ത സാമ്പത്തിക പരിരക്ഷ ലഭിക്കില്ല. കാരണം ഒപി, ഫാർമസി ചെലവുകൾ, വിട്ടുമാറാത്ത രോ​ഗങ്ങൾക്കുള്ള പരിചരണ ചെലവുകൾ എന്നിവയൊന്നും ഇൻഷുറൻസിന്റെ പരിധിയിൽ വരില്ല.


മികച്ച അടിസ്ഥാനസൗകര്യങ്ങൾ, പ്രാഥമിക പരിചരണം, സ്വകാര്യ ഇൻഷുറൻസിനേക്കാൾ സംസ്ഥാനത്തിന്റെ നേരിട്ടുള്ള പരിരക്ഷ എന്നിവയിലധിഷ്ഠിതമാണ് കേരളത്തിൻ്റെ പൊതുജനാരോഗ്യ മാതൃക. ഇൻപേഷ്യൻ്റ് കവറേജ്, പൊതു ആരോഗ്യ സംവിധാനത്തിനുള്ള മുൻഗണന, സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് നിലവിൽ സംസ്ഥാനം ഉറപ്പുനൽകുന്നത്.


കേരള സർക്കാരിന് ജനങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ആരോഗ്യ ഗ്യാരന്റി 25 ലക്ഷം രൂപയുടെ ഒരു ഇൻഷുറൻസ് സർട്ടിഫിക്കറ്റല്ല. മറിച്ച് ആവശ്യത്തിന് ജീവനക്കാരും മികച്ച ഉപകരണങ്ങളുമുള്ള സർക്കാർ ആശുപത്രികളാണ്. കൂടാതെ അടുത്ത അമ്പത് വർഷത്തേക്ക് അതിൽ നിക്ഷേപം തുടരാനുള്ള സാമ്പത്തിക വിവേകവും.


തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻചാണ്ടിയുടെ പേരും ജനപ്രീതിയും ഉപയോഗിച്ച് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി നൽകുമെന്ന വാ​ഗ്ദാനം ഇടത്തരം കുടുംബങ്ങളെ കാണാതെയുള്ളതാണ്. എന്തെന്നാൽ ഈ വിഭാ​ഗം യുഡിഎഫ് മുന്നോട്ടുവെക്കുന്ന ഇൻഷുറൻസ് പദ്ധതിയുടെ കവറേജ് പരിധിക്ക് പുറത്താണ്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home