ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

കണ്ണൂർ: കെഎസ്‍യു ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ് കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. വ്യാഴാഴ്ച രാത്രിയോടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കൽ ബോർഡ് വിലയിരുത്തി. ഇതോടെ പുലർച്ചെ നാലിന് മന്ത്രിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. മന്ത്രി പരിയാരത്ത് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.
ഇതുവരെയുള്ള വനിതാമന്ത്രിമാർക്കൊന്നും നേരിടേണ്ടിവന്നിട്ടില്ലാത്ത ആക്രമണമാണ് വീണാ ജോർജിനുനേരെയുണ്ടായത്. അതും വർഷങ്ങൾക്ക് മുമ്പുണ്ടായ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ, മന്ത്രി രാജിവയ്‌ക്കണമെന്ന ബാലിശവാദത്തിൽ. എന്നാൽ, ഇത്രയും ഗൗരവതരമായ ആക്രമണമായിട്ടും മാധ്യമങ്ങളിലേറെയും അതിനെ അവതരിപ്പിക്കുന്നത് കൃത്യമായ അജൻഡയോടെ.
കണ്ണൂരിൽ റെയിൽവേ പ്ലാറ്റ്‌ഫോമിൽ മന്ത്രിക്കെതിരെ പാഞ്ഞടുത്തത് എന്തിനെന്ന് കെഎസ്‌യുവിനുപോലും വ്യക്തതയില്ല. ഏതോകാലത്തെ സംഭവങ്ങളിൽ മന്ത്രി ഇപ്പോൾ എന്തിന് രാജിവയ്‌ക്കണമെന്ന ചോദ്യം മാധ്യമങ്ങൾ ഉയർത്തിയില്ല. അതീവസുരക്ഷയുള്ള ഇടമായാണ് റെയിൽവേ സ്‌റ്റേഷൻ കണക്കാക്കപ്പെടുന്നത്. യാത്രാ ടിക്കറ്റോ പ്ലാറ്റ്‌ഫേ-ാം ടിക്കറ്റോ ഇല്ലാതെ കടന്നുചെല്ലാൻ കഴിയാത്തിടത്ത് മന്ത്രിക്കുനേരെ പാഞ്ഞടുക്കാൻ കൃത്യമായ ആസൂത്രണമില്ലാതെ സാധിക്കില്ല. പ്ലാറ്റ്‌ഫോമിലൂടെ ചിരിച്ച് സംസാരിച്ചുപോകുന്ന മന്ത്രിയുടെ അരികിലേക്ക് പെട്ടെന്ന് ചാടിവീണ് സൃഷ്‌ടിച്ച സംഘർഷത്തെ വിമർശിക്കാൻ തയ്യാറാകാത്ത മാധ്യമങ്ങൾക്ക്, കെഎസ്‌യു നൽകിയ വീഡിയോയുമായി മന്ത്രിക്കടുത്ത് അവർ എത്തിയോ എന്നുള്ള വിശകലനത്തിലാണ്.
നേരത്തെ വിമാനത്തിൽ മുഖ്യമന്ത്രിക്കുനേരെ ആക്രമണശ്രമമുണ്ടായപ്പോഴും ഇതേ രീതിയായിരുന്നു. എന്നാൽ, ഷാഫി പറമ്പിലിന്റെ മൂക്കിന്റെ പാലം തകർന്നുവെന്ന തിരക്കഥയ്‌ക്ക് പ്രചാരണം നൽകാൻ ഇൗ മാധ്യമങ്ങൾക്ക് മടിയുണ്ടായിരുന്നില്ല.
5 പേർക്കെതിരെ വധശ്രമത്തിന് കേസ്
മന്ത്രിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച അഞ്ച് കെഎസ്‌യു നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചാണ് അക്രമിസംഘം മന്ത്രിക്കുനേരെ പാഞ്ഞടുത്തതെന്ന് എഫ്‌ഐആറിൽ പറയുന്നു. പ്രതികളുടെ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചാണ് കഴുത്തിന് ആക്രമിച്ചതെന്ന് ഗൺമാൻ എം എസ് അഭിലാഷ് മൊഴി നൽകിയിട്ടുണ്ട്.
ബുധനാഴ്‌ച അറസ്റ്റിലായ കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പാനൂർ ചെണ്ടയാട് സ്വദേശി എം സി അതുൽ, ട്രഷറർ മാട്ടൂലിലെ വി വി അക്ഷയ്, വടകരയിലെ ബിതുൽ ബാലൻ, മാടായിയിലെ സി എച്ച് മുബാസ്, അഹമ്മദ് യാസിൻ എന്നിവരെ റിമാൻഡുചെയ്‌തു.










0 comments