നിയമ ഭേദഗതി തടസമാവില്ല
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഹോർമോൺ ചികിത്സ തുടരാം: ഹൈക്കോടതി

കൊച്ചി: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ഹോർമോൺ മാറ്റിസ്ഥാപിക്കൽ തെറാപ്പി (HRT) പാതിവഴിയിൽ തടസ്സപ്പെടുത്തരുതെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. 2026ലെ പുതിയ ഭേദഗതി നിയമത്തിന്റെ മറവിൽ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർണ്ണായക ഇടപെടൽ. പകുതിക്ക് വെച്ച് ഹോർമോൺ ചികിത്സ നിർത്തുന്നത് ഗുരുതരമായ ശാരീരിക-മാനസിക ആരോഗ്യപ്രശ്നങ്ങൾക്ക് (Absurd consequences) കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, നിലവിൽ ചികിത്സ ആരംഭിച്ചവർക്ക് അത് പൂർത്തിയാക്കുന്നത് വരെ തുടരാൻ അനുമതി നൽകി.
ലിംഗസ്വത്വം സ്വയം നിർണ്ണയിക്കാനുള്ള അവകാശം ഒഴിവാക്കി നിർബന്ധിത മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന 2026ലെ ട്രാൻസ്‌ജെൻഡർ നിയമ ഭേദഗതി, സുപ്രീം കോടതിയുടെ ചരിത്രപരമായ 'നൽസ' (NALSA- നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി) വിധിക്ക് വിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി ഫയലിൽ സ്വീകരിച്ചു. മൃഗങ്ങളായോ മറ്റോ സ്വയം സങ്കൽപ്പിച്ച് വസ്ത്രധാരണം നടത്തുന്ന പാശ്ചാത്യ രാജ്യങ്ങളിലെ രീതികൾ ഇന്ത്യയിലെ യുവാക്കളിലേക്ക് പടരുന്നത് തടയാനാകാം കേന്ദ്ര സർക്കാർ ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.
2019-ലെ ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് ഈ ഉത്തരവ്. അന്താരാഷ്ട്ര തലത്തിൽ സ്വയം ലിംഗനിർണ്ണയം നടത്തുന്നത് വലിയ സങ്കീർണ്ണതകൾ ഉണ്ടാക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പി ശ്രീകുമാർ വാദിച്ചു. ഹർജിക്കാർക്ക് വേണ്ടി പ്രമുഖ അഭിഭാഷക അരുന്ധതി കട്ജു ഹാജരായി. നിയമം പൂർണ്ണമായി സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല. ചികിത്സാ കാര്യത്തിൽ ഹർജിക്കാർക്ക് ഇടക്കാല ആശ്വാസം നൽകിയിട്ടുണ്ട്. കേസ് കൂടുതൽ വാദത്തിനായി ജൂൺ രണ്ടാം വാരത്തിലേക്ക് മാറ്റി.










0 comments