വിദ്വേഷചിത്രത്തിന് പ്രദർശനാനുമതി; കേരള സ്റ്റോറി 2 റിലീസ് ചെയ്യും; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

കൊച്ചി: കേരളത്തിന്റെ മതസൗഹാർദ്ദവും സാമൂഹിക കെട്ടുറപ്പും തകർക്കാൻ ലക്ഷ്യമിട്ട് നിർമിച്ച ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി. ചിത്രത്തിന്റെ റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
ചിത്രം വെള്ളിയാഴ്‌ച തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് വ്യാഴാഴ്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് 15 ദിവസത്തേക്ക് പ്രദര്‍ശനാനുമതി തടഞ്ഞത്. സിംഗിള്‍ ബെഞ്ച് ഉത്തരവിന് പിന്നാലെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ വ്യാഴാഴ്ച തന്നെ രാത്രി ഡിവിഷന്‍ ബെഞ്ച് പ്രത്യേക സിറ്റിങ് ചേര്‍ന്നിരുന്നു. പൊതുതാല്‍പര്യ ഹര്‍ജി എങ്ങനെയാണ് സിംഗിള്‍ ബെഞ്ചിന് പരിഗണിക്കാന്‍ കഴിയുക എന്ന ചോദ്യം ഡിവിഷന്‍ ബെഞ്ച് ഉന്നയിച്ചിരുന്നു. എന്നാല്‍, കേരളത്തെയും മുസ്ലിം മതവിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്ന സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് കോടതിയില്‍നിന്ന് പരാമര്‍ശമുണ്ടായില്ല.
സമൂഹത്തിൽ വിദ്വേഷമുണ്ടാക്കുന്ന ദൃശ്യങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ സെൻസർ ബോർഡ് അവഗണിച്ചെന്ന് സിംഗിള്‍ ബെഞ്ച് വിലയിരുത്തിയിരുന്നു.
സിനിമയ്‌ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് അനുവദിച്ചത് ചോദ്യംചെയ്‌ത് ശ്രീദേവ് നമ്പൂതിരി, അതുൽ റോയി, ഫ്രെഡ്ഡി വി ഫ്രാൻസിസ് തുടങ്ങിവരാണ് ഹര്‍ജി നല്‍കിയത്.










0 comments