കേരളത്തിനുണ്ട് കടലാമ പദ്ധതി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരളത്തിന് ‘ആശ്വാസ’മായി കടലാമ പദ്ധതി. കേരളം, ഒഡിഷ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കടലാമകൾ മുട്ടയിടാനെത്തുന്ന തീരങ്ങളിൽ കടലാമ പാതകൾക്ക് രൂപം നൽകുന്നതാണ് പദ്ധതി. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ ആവേശത്തോടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇതിനായി പണം നീക്കിവെച്ചതായി ബജറ്റ് രേഖകളിലില്ല.
കേരളത്തിന്റെ ധാതുസമ്പത്ത് കവർന്നെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച നിർദിഷ്‌ട അപൂർവധാതു ഇടനാഴിയാണ് സംസ്ഥാനുയുള്ള മറ്റൊരു പദ്ധതി. കേരളം, ഒഡിഷ, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായാണ് അപൂർവധാതു ഖനന പദ്ധതി നടപ്പാക്കുക. ഇൗ പദ്ധതിക്കും പ്രത്യേക വിഹിതം നീക്കിവച്ചിട്ടില്ല.
നാളികേര പ്രോത്സാഹന പദ്ധതിയും കശുവണ്ടി– കൊക്കോ– ചന്ദനമര കൃഷിവികസന പദ്ധതിയുമാണ് കേരളത്തിന് സാധ്യതയുള്ള മറ്റൊരു പ്രഖ്യാപനം. നാളികേര കൃഷിയുള്ള സംസ്ഥാനങ്ങളിൽ ഉൽപ്പാദനക്ഷമത കുറഞ്ഞ തെങ്ങ് മുറിച്ചുമാറ്റി പകരം ഉൽപ്പാദനശേഷിയുള്ള പുതിയവ നട്ടുപിടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് നാളികേര പദ്ധതി. കശുവണ്ടിയുടെയും കൊക്കോയുടെയും ഉൽപ്പാദന വർധനവും ലക്ഷ്യമിടുന്നു. ഇൗ പദ്ധതികൾക്കും വകയിരുത്തലില്ല.
ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചിട്ടും കേരളത്തെ തഴഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെ അഞ്ച് മേഖലാ മെഡിക്കൽ ഹബ്ബുകൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തിന് എയിംസ് ഇക്കുറിയുമില്ല. മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ, 20 ഉൾനാടൻ ജലപാതകൾ, രണ്ട് കപ്പൽ അറ്റകുറ്റനിർമാണ ശാലകൾ എന്നിവയിലും കേരളം പരിഗണിക്കപ്പെട്ടില്ല.










0 comments