print edition പിഎസ്‍സി സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ; ലക്ഷ്യം അട്ടിമറി

തിരുവനന്തപുരം: പിഎസ്‍സിയെ അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഗൂഢനീക്കത്തിന് ഒത്താശചെയ്‌ത് ഗവർണർ. ഇതിന്റെ ഭാഗമായി പിഎസ്‍സി സെക്രട്ടറി സാജു ജോർജിനെ ലോക്ഭവനിലേക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിളിച്ചുവരുത്തി.
വെള്ളിയാഴ്ച വൈകിട്ടാണ് പിഎസ്‍സി സെക്രട്ടറി ഗവർണറെ കണ്ടത്. പിഎസ്‍സി ചെയർമാനെപോലും അറിയിക്കാതെയാണ് സന്ദർശനമെന്നത് ദുരൂഹത ഉയർത്തുന്നു. സെക്രട്ടറിയെ വിളിച്ചുവരുത്തിയതല്ലെന്നും സ്വമേധയാ എത്തിയതാണെന്നുമാണ് ലോക്ഭവൻ വിശദീകരണം. പിഎസ്‍സി ചെയർമാനെയോ അംഗങ്ങളെയോ ഔദ്യോഗിക പദവിയിൽനിന്ന് നീക്കാൻ രാഷ്ട്രപതിക്ക് മാത്രമാണ് അധികാരം.
രാഷ്ട്രപതിയെ ഇടപെടുവിച്ച് പിഎസ്‍സിയെ അട്ടിമറിക്കാനുള്ള സാധ്യതയാണ് തേടുന്നത്. പദവി ദുരുപയോഗം, ക്രമക്കേട്, അഴിമതി തുടങ്ങിയ ആരോപണങ്ങൾ ഉയർന്നാൽ രാഷ്ട്രപതി വിഷയം സുപ്രീംകോടതിയുടെ അന്വേഷണത്തിന് വിടും.
സുപ്രീംകോടതി നടത്തുന്ന അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശുപാർശ നൽകിയാലേ രാഷ്ട്രപതിക്ക് ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാനാകൂ. അന്വേഷണ കാലയളവിൽ അംഗങ്ങളെയോ ചെയർമാനെയോ സസ്‌പെൻഡ് ചെയ്യാൻ അധികാരമുണ്ടോയെന്ന നിയമോപദേശം ഗവർണർ തേടിയെന്ന് അറിയുന്നു.
രാജ്യത്തുതന്നെ നീതിപൂർവമായി ഏറ്റവും കൂടുതൽ നിയമനം നടത്തുന്ന പിഎസ്‌സി കേരളത്തിലേതാണ്. ഇത് അട്ടിമറിച്ച് പിൻവാതിൽ നിയമനങ്ങളിലൂടെ അഴിമതിയാണ് യുഡിഎഫിന്റെ ലക്ഷ്യം. അതിനെ പിന്തുണച്ചാണ് ഗവർണറും രംഗത്തെത്തുന്നത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുമുതൽ പിഎസ്‌സിയെ കളങ്കപ്പെടുത്താൻ ഒരുകൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമം ആരംഭിച്ചിരുന്നു. പിഎസ്‍സിക്കെതിരെ സമഗ്ര വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്, ബിജെപി അനുകൂല സംഘടനയായ സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയതും ആസൂത്രിതമാണ്.









0 comments