ad
Deshabhimani

വീണ്ടും ഗവർണറുടെ പ്രതികാരം; കാലടി സർവകലാശാല വി സിയെ നീക്കി, പകരം ചുമതല സിസ തോമസിന്

Governor.jpg
വെബ് ഡെസ്ക്

Published on Mar 05, 2026, 07:23 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ വീണ്ടും അനിശ്ചിതത്വത്തിലാക്കി ഗവർണർ രാജേന്ദ്ര ആർലേക്കറുടെ വിവാദ നടപടി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരിയെ ഗവർണർ സ്ഥാനത്തുനിന്ന് നീക്കി.


പകരം സാങ്കേതിക സർവകലാശാല മുൻ വിസി സിസ തോമസിന് വിസിയുടെ താൽക്കാലിക ചുമതല നൽകി ഉത്തരവിറക്കി. സർക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായാണ് ഗവർണറുടെ ഈ നീക്കം. യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഡോ. കെ.കെ. ഗീതാകുമാരിയുടെ നിയമനം നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നടപടി.


നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യം പാടില്ലെന്ന സുപ്രീംകോടതി വിധി മുൻനിർത്തിയാണ് വിസിയെ പുറത്താക്കിയത്. നേരത്തെ ഇതേ വിഷയത്തിൽ വിസിക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് വിസി നൽകിയ മറുപടി തള്ളിക്കൊണ്ടാണ് പുറത്താക്കൽ നടപടി.


സർവകലാശാലകളുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഗവർണർ നടത്തുന്നതെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നു. നേരത്തെ കെടിയു വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായി കടുത്ത ഭിന്നതയിലായിരുന്ന സിസ തോമസിനെ വീണ്ടും നിയമിച്ചത് മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണെന്നാണ് വിലയിരുത്തൽ.


സംസ്ഥാനത്തെ സർവകലാശാലകളെ കാവിവൽക്കരിക്കാനും സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുമാണ് ഗവർണർ ശ്രമിക്കുന്നതെന്ന് ഇടത് നേതാക്കൾ കുറ്റപ്പെടുത്തി. ഗവർണറുടെ നടപടി വിദ്യാഭ്യാസ മേഖലയിൽ പുതിയ പ്രതിസന്ധിക്ക് വഴിതുറന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് കൂടുതൽ ശക്തമാകാനാണ് സാധ്യത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home