വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; ഭരണത്തിലും സംഘപരിവാർ പിടിമുറുക്കുന്നു


സ്വന്തം ലേഖകൻ
Published on Jun 19, 2026, 01:36 AM | 1 min read
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറിയശേഷം ആരംഭിച്ച സംഘപരിവാർ ഇടപെടൽ സർവസീമകളും ലംഘിച്ച് ഭരണതലത്തിലേക്കും കടക്കുന്നു. കീഴ്‌വഴക്കം ലംഘിച്ച് ഗവർണർ വിവിധ സർക്കാർ വകുപ്പുകളുടെ യോഗം നേരിട്ട് വിളിച്ചുചേർത്തു.
അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഒരുക്കം വിലയിരുത്താനെന്ന് പേരിലാണ് ഗവർണർ യോഗംവിളിച്ചത്. ഉന്നത, പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ആയുഷ് മിഷൻ മേധാവിയും സർവകലാശാല വിസിമാരുമടക്കം ചൊവ്വാഴ്‌ച യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന സർക്കാർ നടത്തേണ്ട പരിപാടിയാണ് ഗവർണർ സ്വന്തംനിലയ്‌ക്ക് നടത്തിയത്.
സസ്‌പെൻഷൻ പിൻവലിച്ച് യുഡിഎഫ് സർക്കാർ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയ ബി അശോക് വഴിയാണ് കാര്യങ്ങൾ നീക്കിയതെന്നാണ് വിവരം. അശോകും യോഗത്തിൽ പങ്കെടുത്തു. ഗവർണർ വിളിക്കുന്ന യോഗമെന്നാണ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
വിസിമാരുടെ യോഗം ഗവർണർ വിളിച്ചുചേർക്കാറുണ്ട്. ചില അവസരങ്ങളിൽ പൊലീസ് മേധാവിയെയും ചീഫ് സെക്രട്ടറിയെയും വിളിപ്പിക്കും. എന്നാൽ, ആദ്യമായിട്ടാണ് സർക്കാരിന്റെ പരിപാടി നടത്തിപ്പിന് ഉദ്യോഗസ്ഥരുടെ യോഗം ഗവർണർ വിളിക്കുന്നത്.
കേന്ദ്ര സർക്കാർ സംഘപരിവാറുകാരായ ഗവർണർമാരെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇടപെടാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ എൽഡിഎഫ് സർക്കാർ പരസ്യമായി രംഗത്തുവന്നിരുന്നു.
എന്നാൽ, മുഖ്യമന്ത്രി വി ഡി സതീശൻ ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാർ വിമർശനം ഒഴിവാക്കിയതും സത്യപ്രതിജ്ഞാച്ചടങ്ങിലും നിയമസഭാ സമ്മേളനത്തിലും വന്ദേമാതരം ആലപിച്ചതും ഇതിന്റെ ഭാഗമാണ്.










0 comments