print edition ഗവർണർ വഴങ്ങിയത് സുപ്രീംകോടതിയിൽ തിരിച്ചടി ഭയന്ന്

തിരുവനന്തപുരം
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉടക്കിനിന്ന ഗവര്‍ണര്‍ ഒടുവിൽ സമവായത്തിന് വഴങ്ങിയത് സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെ. ചാൻസലർ എന്ന നിലയിൽ വിസിമാരെ നിയമിക്കാനുള്ള തന്റെ അധികാരം സുപ്രീംകോടതി ഏറ്റെടുത്താൽ കടുത്ത ക്ഷീണമാകുമെന്ന് കണ്ടാണ് കടുംപിടിത്തം ഉപേക്ഷിച്ചത്.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൻ നിർദേശിച്ച ഡോ. പ്രിയ ചന്ദ്രൻ, ഡോ. സിസ തോമസ് എന്നിവരെ മാത്രമേ അംഗീകരിക്കൂ എന്നും തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നൽകിയത് ശരിയല്ല എന്നുമാണ് ഗവർണർ സുപ്രീംകോടതിയിൽ പറഞ്ഞത്. എന്നാൽ, സിസ തോമസിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സർക്കാർ സമവായത്തിന് സന്നദ്ധമായിരുന്നു.
സമവായത്തില്‍ എത്തണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെതുടര്‍ന്ന് മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും ലോക്ഭവനിലെത്തിയപ്പോഴും ഗവർണർ വഴങ്ങിയില്ല. സര്‍വകലാശാലകളില്‍ വിസിമാർ ഇല്ലാത്തതിന്റെ പ്രശ്നങ്ങളും വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടും മന്ത്രിമാർ വിവരിച്ചിരുന്നു.
ഗവര്‍ണര്‍ സ്വന്തം നിലയ്‌ക്കാണ് താൽപ്പര്യമുള്ളവരുടെ പേരുകള്‍ കോടതിയിൽ നല്‍കിയത്. ഇത് സുപ്രീംകോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് നടന്ന കൂടിക്കാഴ്‌ചയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറോട് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയം ഗൗരവമായിത്തന്നെ വിശദീകരിച്ചിരുന്നു. കോടതി നടപടികളിലേക്ക് കടന്നാല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുമെന്നും ഓര്‍മിപ്പിച്ചു. പിന്നീട്, നിയമോപദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വഴങ്ങിയത്. ഗവർണർ ആവശ്യപ്പെട്ടതുപ്രകാരം മുഖ്യമന്ത്രി ലോക്‌ഭവനിലെത്തി ഗവർണറെ കാണുകയും രണ്ട് സർവകലാശാലകളിലും നിയമനം നടത്തുകയും ചെ യ്‌തു.
സര്‍ക്കാര്‍ ഏകപക്ഷീയമായി ഗവര്‍ണര്‍ക്ക് വഴങ്ങിയെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം സർക്കാരിനെ കുറ്റപ്പെടുത്തുകയെന്ന രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. സമവായത്തിലൂടെ രണ്ട് സർവകലാശാലകളിൽ വിസിമാരുണ്ടായി എന്നതും ഉന്നത വിദ്യാഭ്യാസ രംഗത്ത് കാര്യങ്ങൾ കുറേക്കൂടി മികച്ച നിലയിലാകുമെന്നതും മാധ്യമങ്ങളും പ്രതിപക്ഷവും മറന്നു.
മുഖ്യമന്ത്രിയെ സമവായത്തിന് വിളിച്ചത് താനെന്ന് ഗവർണർ
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിൽ സമവായം കണ്ടെത്താൻ താനാണ് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടതെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ സുപ്രീംകോടതിയിൽ പറഞ്ഞു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയെ ഗവർണർ വിളിക്കുകയും യോഗം ചേർന്ന് സമവായത്തിൽ എത്തുകയുമായിരുന്നുവെന്ന് ഗവർണർക്കായി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി പറഞ്ഞു. ഭാവിയിലും പ്രതിസന്ധി ഉടലെടുത്താൽ സമാനമായ നീക്കങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ബെഞ്ച് മറുപടി നൽകി. കോടതി ഇടപെടൽ കൊണ്ടുമാത്രമാണ് വിഷയം പരിഹരിക്കപ്പെട്ടതെന്ന് സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത കൂട്ടിച്ചേർത്തു.
നിയമനങ്ങൾ നടപ്പായെന്ന് രേഖപ്പെടുത്തിയ കോടതി സമവായ നീക്കത്തെ പ്രശംസിച്ചു. ഒരേ പട്ടികയിൽനിന്ന് നിയമനം നടത്തിയെന്ന് അറിയിച്ചതിൽ സന്തോഷമുണ്ട്. റിട്ട. ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ പ്രവർത്തനത്തിന് നന്ദി രേഖപ്പെടുത്തുന്നു ഉത്തരവിൽ പറഞ്ഞു.
നിയമയുദ്ധം തുടരും
സംസ്ഥാന നിയമപ്രകാരം രൂപീകരിച്ച സർവകലാശാലകളുടെ വിസിമാരെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണോ എന്ന വിഷയത്തിലെ നിയമപ്രശ്‌നം തുടരും. അവകാശം തനിക്കാണെന്ന ഗവർണറുടെ വാദത്തെ സർക്കാർ ശക്തമായി എതിർക്കുന്നു. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാ പട്ടികയിൽനിന്ന് മാത്രമേ ഗവർണർക്ക് നിയമനം നടത്താൻ അധികാരമുള്ളുവെന്നാണ് സർക്കാർ നിലപാട്.










0 comments