ad
Deshabhimani

print edition വീണ്ടും കടമെടുക്കാൻ സർക്കാർ; രണ്ട്‌ മാസത്തിനിടയിലെ ആറാമത്തെ കടമെടുപ്പ്‌

udf cabinet
avatar
ഒ വി സുരേഷ്‌

Published on Jul 31, 2026, 12:29 AM | 1 min read

തിരുവനന്തപുരം: ഓണക്കാല ചെലവിനായി സംസ്ഥാന സർക്കാർ 1800 കോടി രൂപ കടമെടുക്കുന്നു. കടപ്പത്ര ലേലം ആഗസ്‌ത്‌ നാലിന്‌ മുംബൈയിൽ നടക്കും. യുഡിഎഫ്‌ സർക്കാർ രണ്ടുമാസം കഴിയുന്പോൾ ആറാമത്തെ തവണയാണ്‌ കടമെടുക്കുന്നത്‌. ഇ‍ൗ സാമ്പത്തിക വർഷം ഇതുവരെ കേരളത്തിന്റെ കടം 19,600 കോടിയാകും. യുഡിഎഫ്‌ അധികാരത്തിൽവന്നാൽ കടം കുറച്ച്‌ ട്രഷറിയിൽ പണം നിറയ്ക്കുമെന്നുമായിരുന്നു വി ഡി സതീശന്റെ വാഗ്‌ദാനം.


ഡിസംബർ വരെയുള്ള ഒമ്പതുമാസം കേരളത്തിന്‌ പൊതുവിപണിയിൽനിന്ന്‌ എടുക്കാവുന്ന വായ്‌പ 32,464 കോടിയാണ്‌. 12,864 കോടി രൂപയാണ്‌ ബാക്കി. പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പിനു പുറമേ മറ്റു സ്ഥാപനങ്ങളിൽനിന്നുള്ളത്‌ വേറെ. കെഎഫ്‌സിയിൽനിന്ന്‌ കെഎസ്‌ആർടിസിയുടെ പേരിൽ 300 കോടി കടമെടുക്കുന്നുണ്ട്‌. ഓണക്കാല ചെലവിന്‌ ഇനിയും പണം വേണ്ടിവരുമെന്നതിനാൽ വീണ്ടും കടമെടുക്കാനാണ്‌ സാധ്യത.


വകുപ്പുകൾക്ക്‌ പണം നൽകുന്നില്ലെന്ന പരാതി മന്ത്രിമാർക്കുണ്ട്‌. തദ്ദേശം, ആരോഗ്യം, ഭക്ഷ്യം വകുപ്പുകളാണ്‌ ഏറ്റവും പ്രതിസന്ധിയിൽ. പുറമേയാണ്‌ ഓണത്തിന്‌ ജീവനക്കാർക്കുള്ള ഉത്സവബത്ത, ശമ്പളം അഡ്വാൻസ്‌, പെൻഷനുകൾ, ക്ഷേമപെൻഷൻ തുടങ്ങിയവ. ചെലവുചുരുക്കാനും പദ്ധതികൾ വെട്ടിച്ചുരുക്കാനും വകുപ്പുകൾക്ക്‌ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.


കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഡിസംബർവരെ 29,500 കോടിയായിരുന്നു വായ്‌പയെടുക്കാനുള്ള അനുമതി. ഇ‍ൗ വർഷം 32,464 കോടിയായത്‌ കഴിഞ്ഞ സാമ്പത്തികവർഷത്തെ മൊത്ത ആഭ്യന്തരോൽപാദന (ജിഎസ്‌ഡിപി) വളർച്ചയുടെ ഫലമാണ്‌. ജിഎസ്‌ഡിപിയുടെ മൂന്ന്‌ ശതമാനമാണ്‌ പൊതുവിപണിയിൽനിന്ന്‌ കടമെടുക്കാനാവുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home