print edition ന്യൂനപക്ഷ പദവിയുള്ള സ്കൂളുകൾക്ക് കെ -ടെറ്റ് നിർബന്ധമല്ല

കൊല്ലം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ- ടെറ്റ് നിർബന്ധമല്ലെന്ന് സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവ്. കാസർകോട് ഭാഷാ ന്യൂനപക്ഷ സ്‌കൂളായ കുന്താർ എയുപിഎസിലെ പ്രധാനാധ്യാപിക എ കെ ദാക്ഷായണിക്ക് കെ- ടെറ്റ് യോഗ്യതയില്ലാത്തതിനാൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നിയമനാംഗീകാരം നിരസിച്ചിരുന്നു. ഇതിനെതിരെ സ്‌കൂൾ മാനേജർ നൽകിയ പരാതിയിലാണ് സുപ്രീംകോടതി വിധി അടിസ്ഥാനമാക്കി സർക്കാർ ഉത്തരവ് അംഗീകരിച്ചത്.
ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ അവകാശനിയമം ബാധകമല്ലെന്ന് 2014ൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. 2025ൽ നിയമനങ്ങൾക്ക് കെ ടെറ്റ് നിർബന്ധമാക്കിയപ്പോഴും ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളെ ഒഴിവാക്കി. 2026ലെ പുനഃപരിശോധനാ ഉത്തരവിലും ഇത് ബാധകമാക്കിയിരുന്നില്ല.
സംസ്ഥാനത്ത് ന്യൂനപക്ഷ പദവിയുള്ള 3500 എയ്ഡഡ് സ്‌കൂളുകളെയും മറ്റ് ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകൾ ഉൾപ്പെടെ നൂറുകണക്കിന് സ്‌കൂളുകളെയും ഉത്തരവ് സ്വാധീനിക്കും. നേരത്തെ കെ- ടെറ്റ് ഇല്ലെന്ന കാരണത്താൽ അധ്യാപക നിയമനങ്ങളും പ്രധാനാധ്യാപക സ്ഥാനക്കയറ്റങ്ങളും നിരസിക്കപ്പെട്ടിരുന്നു. പലരുടെയും ഗ്രേഡ് ഉൾപ്പെടെ പാസാക്കാതെ എഇഒമാരും ഡിഇഒമാരും തടഞ്ഞുവച്ചു.
പുതിയ ഉത്തരവുപ്രകാരം ന്യൂനപക്ഷ എയ്ഡഡ് സ്‌കൂളുകൾക്കും അവിടുത്തെ അധ്യാപകർക്കും മാനേജ്‌മെന്റുകൾക്കും നിയമപരമായ ആശ്വാസം ലഭിക്കും. എന്നാൽ, സ്‌കൂളിന്റെ മാത്രം ന്യൂനപക്ഷ പദവി പരിഗണിച്ചുള്ള ഉത്തരവിൽ നിരവധി അധ്യാപകർ ആശങ്ക ഉയർത്തിയിട്ടുണ്ട്. പിഎസ്‌സി നിയമനം ലഭിച്ച് മറ്റു സ്‌കൂളുകളിൽ ജോലി ചെയ്യുന്ന ന്യൂനപക്ഷ വിഭാഗത്തിലുള്ള അധ്യാപകർക്ക് ഇൗ അവകാശം ലഭിക്കില്ലെന്നാണ് ആശങ്ക. ഇത്തരം വൈരുധ്യങ്ങൾ പരിഹരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ പുറത്തിറക്കണമെന്നാണ് ആവശ്യം.










0 comments