പ്രളയബാധിതരെയും വഞ്ചിക്കുന്നു; നഷ്‌ടപരിഹാരം അകലെ

ഫയൽ ചിത്രം
ആലപ്പുഴ: പ്രളയദുരിതം അനുഭവിച്ചവർക്ക് ഒരു മാസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായധനംപോലും ലഭിച്ചിട്ടില്ല. ഇതിനുള്ള നടപടികൾ ഇഴയുകയാണ്. വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ അടിയന്തര സഹായവും ഉപജീവനമാർഗം നഷ്ടപ്പെടുകയോ മാറിത്താമസിക്കേണ്ടി വരികയോ ചെയ്തവർക്ക് ഏഴുദിവസത്തേക്ക് 300 രൂപ വീതം ഉപജീവന സഹായവും നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. അതും വാഗ്‌ദാനം മാത്രമായി.
ദുരിതാശ്വാസത്തിന് അപേക്ഷ നൽകാനുള്ള ഫോം പോലും പല തദ്ദേശസ്ഥാപനങ്ങളിലും എത്തിച്ചിട്ടില്ല. ആദ്യപട്ടിക പുനപരിശോധിച്ച് മാനദണ്ഡങ്ങൾ നിശ്‌ചയിച്ച് എണ്ണം വെട്ടിക്കുറയ്‌ക്കാനും നീക്കമുണ്ട്. ദുരിതബാധിതരുടെയും നാശനഷ്‌ടത്തിന്റെയും കണക്കെടുപ്പും ഇതുവരെ പൂർത്തിയായിട്ടില്ല.
തോട്ടപ്പള്ളി പൊഴിമുറിക്കാൻ യുഡിഎഫ് സർക്കാർ അലംഭാവം വരുത്തിയതിനാലുണ്ടായ മനുഷ്യനിർമിത പ്രളയമാണ് ഇത്തവണ കുട്ടനാട്ടിലുണ്ടായത്. വീടുകൾക്കും വസ്‌തുവകകൾക്കും കർഷകർക്കുമൊക്കെ വലിയതോതിൽ നാശനഷ്‌ടമുണ്ടായി. കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും നഷ്‌ടപരിഹാരം വിതരണത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല.
നാശനഷ്‌ടം ക്രോഡീകരിക്കുന്നതിന് തഹസിൽദാർമാർ കൂടുതൽ സമയം ചോദിച്ചു. തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിച്ച പ്രാഥമിക കണക്ക് അധികൃതർ തള്ളുകയും ചെയ്‌തു. കുട്ടനാട് താലൂക്കിൽ മാത്രം 40,000ൽ അധികം പേർ പ്രളയക്കെടുതി നേരിട്ടു എന്നാണ് പ്രാഥമിക കണക്ക്. 30 കോടിയിലധികം രൂപയുടെ കൃഷിനാശവും ഉണ്ടായി. കർഷകർക്കും നഷ്‌ടപരിഹാരം കിട്ടിയിട്ടില്ല. ആകെ 90 കോടിയോളം രൂപയുടെ നഷ്‌ടമാണ് കണക്കാക്കിയിരിക്കുന്നത്.









0 comments