ad
Deshabhimani

സംസ്ഥാനത്ത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കും; അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് രണ്ടാംഘട്ട പദ്ധതി; മന്ത്രിസഭാ തീരുമാനങ്ങൾ

cabinet
വെബ് ഡെസ്ക്

Published on Mar 10, 2026, 07:03 PM | 3 min read

തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനുമായി എക്സൈസ് വകുപ്പിന് കീഴിൽ 'കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ' രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.


അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ രണ്ടാംഘട്ടമായ 'അതിദാരിദ്ര്യ നിർമ്മാർജ്ജനാനന്തര പദ്ധതി'യുടെ (EPEP 2.0) വിശദമായ മാർഗ്ഗരേഖയ്ക്കും സർക്കാർ അംഗീകാരം നൽകി. അതിദരിദ്രർക്ക് തൊട്ടുമുകളിൽ വരുന്ന കുടുംബങ്ങളെ കേവല ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


പെന്തക്കോസ്‌ത് സഭകൾക്ക് അംഗീകാരം

പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിക്കാൻ തത്വത്തിൽ തീരുമാനിച്ചു. പെന്തക്കോസ്‌ത്‌ ക്രൈസ്‌തവർ ഉൾപ്പെടെയുള്ള പരിവർത്തിത ക്രൈസ്‌തവ വിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശിപാർശകൾ സമർപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരായ ബിശ്വനാഥ സിൻഹ, ടി വി അനുപമ, ജെറോമിക് ജോർജ് എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.


അപ്രന്റിസ് നിയമനവും പുതിയ തസ്തികകളും

സംസ്ഥാനത്തെ വിവിധ സർക്കാർ, അർദ്ധസർക്കാർ വകുപ്പുകളിൽ അപ്രന്റിസ് ട്രെയിനികളെ നിയമിക്കാൻ അനുമതി നൽകി. ഡിജിറ്റി നിബന്ധനകൾ പ്രകാരം ഇവർക്ക് സ്റ്റൈപൻഡ് നൽകും. ഇതിനായി ഓരോ വകുപ്പുകളും പ്ലാൻ ഫണ്ടിൽ നിന്ന് പണം മാറ്റിവയ്ക്കുന്നതിന് പകരം ഒരു 'കോമൺ പൂൾ ഫണ്ട്' രൂപീകരിക്കും. അപ്രന്റിസുകളുടെ എണ്ണം 15 ശതമാനം വരെ വർദ്ധിപ്പിക്കാനും അനുമതിയുണ്ട്.


പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ നേരിടുന്നതിന്റെ ഭാഗമായി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് യൂണിറ്റുകളിൽ 41 പുതിയ തസ്തികകൾ സൃഷ്ടിക്കും (പാലക്കാട് അഗളി - 16, മാനന്തവാടി - 14, കാസർഗോഡ് - 11). കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിൽ 13-ഉം രാജാക്കാട് ഫയർ സ്റ്റേഷനിൽ 15-ഉം പുതിയ തസ്തികകൾ അനുവദിച്ചു.


കണ്ണൂർ ചെമ്പിലോട് സ്കൂളിൽ ഒരു എച്ച്എസ്ടി തസ്തികയും കോഴിക്കോട് ചോറോട് സ്കൂളിൽ ഒരു യുപിഎസ്ടി തസ്തികയും അനുവദിച്ചു. ക്ലോസ്ഡ് വനിതാ കേഡറിലെ 86 സബ് ഇൻസ്പെക്ടർ തസ്തികകൾ കേരള സിവിൽ പൊലീസ് കേഡറിലേക്ക് താൽക്കാലികമായി പുനർവിന്യാസം ചെയ്യും. എറണാകുളം ഗവ മെഡിക്കൽ കോളേജിലെ 214 കരാർ/ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്താനും തീരുമാനമായി.


സാമ്പത്തിക സഹായങ്ങളും ബോർഡ് തീരുമാനങ്ങളും

ക്ഷേമ ബോർഡുകൾക്ക് വായ്പ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിന് പെൻഷൻ വിതരണത്തിനായി മറ്റ് ബോർഡുകളിൽ നിന്ന് 335 കോടി രൂപ വായ്പയെടുക്കാൻ സർക്കാർ ഗ്യാരണ്ടി നൽകി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയിൽ നിന്നാണ് തുക ലഭ്യമാക്കുക.


റബ്കോ: കേരള സ്റ്റേറ്റ് റബ്ബർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (റബ്കോ) സർക്കാരിന് നൽകാനുള്ള 520.90 കോടി രൂപയുടെ ബാധ്യത സർക്കാർ ഇക്വിറ്റി ആക്കി മാറ്റും. നബാർഡ് വഴി 20 കോടി രൂപ വായ്പ ലഭ്യമാക്കാൻ പുതിയ സർക്കാർ ഗ്യാരണ്ടി അനുവദിച്ചു.


ബിവറേജസ് അലവൻസ്: ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റ് ജീവനക്കാരുടെ പ്രതിദിന അലവൻസ് കേഡർ വ്യത്യാസമില്ലാതെ 550 രൂപയായി വർദ്ധിപ്പിച്ചു.


പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ: കോർപ്പറേഷന് അനുവദിച്ച സർക്കാർ ഗ്യാരണ്ടി കാലാവധി അഞ്ച് വർഷത്തിൽ നിന്നും 20 വർഷമായി ഉയർത്തി.


നിപ പ്രതിരോധം: നിപ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പേവാർഡ് ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരമായി 46,11,900/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു.


പ്രധാന നിയമനങ്ങൾ

കെഎസ്ആർടിസി: പ്രമോജ് ശങ്കറിനെ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.


കാമ്‌കോ: സിറിയക് ജോർജ്ജ് മാമ്പലത്തിനെ കേരള അഗ്രോ മിഷിനറി കോർപ്പറേഷൻ ലിമിറ്റഡ് (KAMCO) എംഡിയായും ഡയറക്ടർ ബോർഡ് അംഗമായും നിയമിച്ചു.


ഗവ പ്ലീഡർ: വയനാട് ജില്ലാ ഗവ പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി മീനങ്ങാടി സ്വദേശി അഡ്വ എബി ചെറിയാനെ നിയമിക്കും.


നിഷ ജോണിന് നിയമനം: പരിക്കു മൂലം കായികരംഗത്ത് നിന്ന് പിന്മാറേണ്ടി വന്ന മുൻ ദേശീയ താരം നിഷ ജോണിന് പൊതുമരാമത്ത് വകുപ്പിൽ ക്ലർക്കായി നിയമനം നൽകും.


ഇൻഫോപാർക്ക്: സിഇഒ സുശാന്ത് കുരുന്തിലിന്റെ സേവനകാലാവധി ഒരു വർഷത്തേക്ക് നീട്ടി.


മറ്റ് തീരുമാനങ്ങൾ

വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ്, ഓയിൽപാം ഇന്ത്യ (വെച്ചൂർ റൈസ് മിൽ), അഡാക്ക് (ADAK) എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിച്ചു. കെഎസ്ഇബി നടപ്പാക്കിയ സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങൾക്ക് സാധൂകരണം നൽകി. കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ അധികാരം 2026 മെയ് 28 മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. എറണാകുളം കോന്തുരുത്തി പുഴയിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പുനരുദ്ധാരണം നടത്തും. കേരള അഗ്രോ ബിസിനസ് കമ്പനിക്ക് കാർഷിക ആവശ്യങ്ങൾക്കായി ഹെക്ടറിന് 750 രൂപ നിരക്കിൽ ഭൂമി പാട്ടത്തിന് നൽകും.


പ്രധാന ടെണ്ടറുകൾ

വിവിധ ജില്ലകളിലായി ഏകദേശം 11 കോടിയിലധികം രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി:


പെരുമൺ - തരിയൻമുക്ക് - പെരിനാട് റെയിൽവേ ഓവർബ്രിഡ്ജ് റോഡ് നവീകരണം (കൊല്ലം): 3,00,35,710 രൂപ.


കണ്ടച്ചിറ - മുടന്തയാർവിള ജംഗ്ഷൻ റോഡ് നവീകരണം (കൊല്ലം): 2,97,38,225 രൂപ.


വില്ലംകടവ് - സ്വാമിതറ റോഡ് നവീകരണം (ആലപ്പുഴ): 2,69,54,036 രൂപ.


തൃപ്പലഴികം പാലം പുനർനിർമ്മാണം (കൊട്ടാരക്കര): 2,26,34,940 രൂപ.


താനൂർ - കൂട്ടായി കനാൽ ശുചീകരണം (മലപ്പുറം): 71,42,329 രൂപ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home