print edition പൊതുവിപണിയിൽനിന്നുള്ള വായ്പ 17,800 കോടി രൂപ: അന്ന് കടക്കെണി ഇന്ന് അധിക കടമെടുപ്പ്

ഒ വി സുരേഷ്
Published on Jul 26, 2026, 12:00 AM | 1 min read
തിരുവനന്തപുരം : സംസ്ഥാനം കടക്കെണിയിലാണെന്ന പ്രതീതി സൃഷ്‌ടിക്കാൻ ധവളപത്രംവരെ പുറത്തിറക്കിയ യുഡിഎഫ് സർക്കാർ കടമെടുപ്പ് നിർബാധം തുടരുന്നു. പുതിയ സാമ്പത്തികവർഷം തുടങ്ങിയശേഷം കേരളം പൊതുവിപണിയിൽനിന്ന് കടമെടുത്തത് 17,800 കോടി രൂപ.
കേരളം വലിയ കടക്കെണിയിലാണെന്ന് മൈക്ക്‌കെട്ടി പാടിനടന്ന യുഡിഎഫിന്റെ ഇരട്ടത്താപ്പ് ഇതിൽനിന്നുതന്നെ പ്രകടം. ഡിസംബർവരെ കേരളത്തിന് എടുക്കാവുന്ന വായ്‌പാപരിധി 32,464 കോടിയാണ്.
നാല് മാസംകൊണ്ട് ഇതിൽ പകുതിയിൽ കൂടുതൽ കീശയിലാക്കി. നബാർഡ് പോലുള്ള ഏജൻസികളിൽനിന്നുള്ള വായ്‌പ വേറെ. കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ ആദ്യ ഒമ്പതുമാസം 29,500 കോടി രൂപയാണ് കടമെടുക്കാൻ കേന്ദ്രം അനുവദിച്ചത്. ഇൗ വർഷം മൊത്ത ആഭ്യന്തരോൽപ്പാദന (ജിഎസ്‌ഡിപി)ത്തിന്റെ മൂന്ന് ശതമാനമാണ് പൊതുവിപണിയിൽനിന്ന് കടമെടുക്കാനുള്ള അനുവാദം. എൽഡിഎഫ് ഭരണകാലത്തെ മെച്ചപ്പെട്ട ജിഎസ്‌ഡിപിയാണ് ഇൗ വർഷം വായ്‌പാപരിധി ഉയരാൻ കാരണം.
14,27,295 കോടിയാണ് ജിഎസ്‌ഡിപി. ഇതിന്റെ മൂന്നുശതമാനത്തിനൊപ്പം വൈദ്യുതി പരിഷ്‌കരണത്തിനായുള്ള 0.5 ശതമാനം വായ്‌പയും എടുക്കാൻ അനുവദിക്കാറുണ്ട്. ഇൗ വർഷം ഏപ്രിൽ 13ന് 2,800 കോടി കടമെടുത്തിരുന്നു. ഏപ്രിൽ 28ന് 1,800 കോടിയും മെയ് 12ന് 2800 കോടിയും കടമെടുത്തെങ്കിലും ഗുണഭോക്താവ് യുഡിഎഫ് സർക്കാരായിരുന്നു. തുടർന്ന് മെയ് 26ന് 1800 കോടി, ജൂൺ ഒമ്പതിന് 2,800 കോടി, ജൂൺ 23ന് 1,800 കോടി, ജൂലൈ ഏഴിന് 1,800 കോടി, ജൂലൈ 21ന് 2,200 കോടിയും വായ്‌പയെടുത്തു. ഇത്രയും തുക വായ്‌പയെടുത്തിട്ടും തദ്ദേശസ്ഥാപനങ്ങൾക്കുള്ള കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ഗഡുവും ഇൗ സാമ്പത്തിക വർഷത്തെ ആദ്യഗഡുവും അനുവദിച്ചില്ല.
ഇത് തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി. പൊതുവിപണിയിൽനിന്നുള്ള വായ്‌പാപരിധി അവസാനിച്ചാൽ മറ്റു മാർഗങ്ങളിലൂടെ കടമെടുത്ത് കൂടുതൽ പണം കണ്ടെത്താനാണ് സർക്കാർ ശ്രമം.









0 comments