print edition ലേബർ കോഡിനെതിരെ ബദൽനയത്തിന് കേരളം; ലേബർ കോൺക്ലേവ് 19ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : തൊഴിലാളികളുടെ അവകാശം കവർന്നെടുക്കുന്ന ലേബർ കോഡുകൾക്കെതിരെ ബദൽ നയം രൂപീകരിക്കാൻ സംസ്ഥാനത്ത് ലേബർ കോൺക്ലേവ് സംഘടിപ്പിക്കും. വെള്ളിയാഴ്‌ച തൈക്കാട് ലെമൺ ട്രീ പ്രീമിയറിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചാബ്, തമിഴ്‌നാട്, ജാർഖണ്ഡ്, തെലങ്കാന തൊഴിൽ മന്ത്രിമാർ, സുപ്രീംകോടതി മുൻ ജഡ്ജിമാർ, ട്രേഡ് യൂണിയൻ നേതാക്കൾ, നിയമവിദഗ്ധർ, അക്കാദമിക് പണ്ഡിതർ എന്നിവരുൾപെടെ നൂറുപേർ പങ്കെടുക്കും.
ലേബർ കോഡുകളുടെ പ്രത്യാഘാതം, ബദൽ തന്ത്രങ്ങൾ എന്നീ വിഷയങ്ങളിൽ സെഷനുണ്ട്. റിട്ട. ജസ്റ്റിസ് ഗോപാല ഗൗഡ, പ്രൊഫ. ശ്യാം സുന്ദർ എന്നിവർ പ്രഭാഷണം നടത്തും. സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, എഐടിയുസി ജനറൽ സെക്രട്ടറി അമർജിത്ത് കൗർ തുടങ്ങിയവർ ചർച്ചയിൽ പങ്കുചേരും. സംസ്ഥാന താൽപര്യം സംരക്ഷിക്കാനുള്ള നയപ്രഖ്യാപനമുണ്ടാകും.
ഇതിന്റെ ആശയം ഉൾക്കൊള്ളുന്ന കത്ത് കേന്ദ്ര തൊഴിൽമന്ത്രിക്ക് കൈമാറും. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന തൊഴിൽനിയമങ്ങൾക്കെതിരായ യോജിച്ച പോരാട്ടത്തിനാണ് കേരളം നേതൃത്വം കൊടുക്കുന്നത്. രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ പ്രക്ഷോഭം നടത്തിയിട്ടും കേരളം ഉൾപ്പെടെ വിയോജിപ്പ് അറിയിച്ചിട്ടും കേന്ദ്രസർക്കാർ മുഖംതിരിക്കുകയായിരുന്നു– മന്ത്രി പറഞ്ഞു.










0 comments