ad
Deshabhimani

ട്രോളിം​ഗ് നിരോധനം നീങ്ങി; ഹാർബറുകൾ സജീവം, മത്സ്യലഭ്യത കുറവ്

Kerala Harbour

ട്രോളിം​ഗ് നിരോധനം നീങ്ങിയതോടെ സജീവമായ കോഴിക്കോട് ബേപ്പൂർ ഹാർബർ | Image credit : neighbourfarmer / Facebook

വെബ് ഡെസ്ക്

Published on Aug 12, 2026, 01:01 PM | 1 min read

തിരുവനന്തപുരം : ട്രോളിം​ഗ് നിരോധനം നീക്കിയതോടെ സംസ്ഥാനത്തെ ഹാർബറുകളെല്ലാം സജീവമാവുകയാണ്. നീണ്ട 52 ദിവസത്തെ ട്രോളിം​ഗ് നിരോധനത്തിന് ശേഷം വള്ളങ്ങളും ബോട്ടുകളും തീരം വിട്ടു തുടങ്ങി. നിലവിൽ കാലാവസ്ഥ പ്രതികൂലമായതിനാൽ മീൻ തേടിയിറങ്ങിയ വള്ളങ്ങൾക്ക് പ്രതീക്ഷിച്ചത് കിട്ടാത്ത അവസ്ഥയാണുള്ളത്. കടലിൽ ശക്തമായ കാറ്റുള്ളതിനാൽ ചില വള്ളങ്ങൾ മത്സ്യ ബന്ധനം നടത്താതെ തിരിച്ചു വരികയാണ്.


കോഴിക്കോട് ബേപ്പൂർ ആദ്യ ദിനം ഇരുനൂറിലധികം ബോട്ടുകളാണ് മത്സ്യ ബന്ധനത്തിനായി പോയത്. കിളിമീൻ, കൂന്തൾ, ചെമ്പാൻ, അയല, നത്തോലി എന്നിവയാണ് കിട്ടിയവയിൽ അധികവും. ട്രോളിം​ഗ് നിരോധനത്തിന് ശേഷം മത്സ്യങ്ങൾ വർധിക്കേണ്ടതാണ് പക്ഷെ നിലവിൽ കുറവാണ്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കടലിലെ ആവാസവ്യവസ്ഥയെ തന്നെ മാറ്റിമറിക്കുകയാണെന്ന് മത്സ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കടലിലെ ജലത്തിൻറെ താപനില ഉയരുന്നതിനാൽ മത്തി, അയല തുടങ്ങിയ പ്രധാന മത്സ്യങ്ങൾ കേരള തീരം വിട്ട് മറ്റ് മേഖലകളിലേക്ക് നീങ്ങുന്നതാണ് ലഭ്യത കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. എന്നിരുന്നാലും വരും ദിവസങ്ങളിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികൾ.


മത്സ്യ ലഭ്യത കുറഞ്ഞതിനാൽ വിപണിയിൽ വിലക്കയറ്റവുമുണ്ട്. മത്തിക്കും അയലക്കും വരെ വിപണിയിൽ പൊന്നും വിലയാണ്. ഒരു കിലോ മത്തിയുടെ മൊത്തവില 200 രൂപയും കഴിഞ്ഞു കുതിക്കുകയാണ്. അയലക്ക് 350 മുതൽ 400 രൂപവരെയും വലിയ ചെമ്മീനിന് 500 രൂപ തൊട്ടുമാണ് വില. നെയ്മീനിന് കിലോയ്ക്ക് 1,300 രൂപ വരെയുണ്ട്. ആവോലിയുടെ വിലയും 800 രൂപയ്ക്കു മുകളിലാണ്. ചില്ലറ വിപണിയിലെത്തുമ്പോൾ ഇതിലും ഉയർന്ന വിലയാണ് ഉപഭോക്താക്കൾക്ക് നൽകേണ്ടിവരുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home