ad
Deshabhimani

ഗ്രാമീണ സ്കൂളുകള്‍ മെച്ചപ്പെടുത്തണം; കൂടുതൽ വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്കൊരുങ്ങി സിജെപി

Abhijeet Dipke
വെബ് ഡെസ്ക്

Published on Aug 12, 2026, 02:12 PM | 2 min read

ന്യൂഡൽഹി: ജന്തർമന്തർ സമരത്തിന് പിന്നാലെ വിദ്യാർഥി വിഷയങ്ങളിൽ കൂടുതലായി ഇടപെടാൻ സിജെപി. ഇതിന്‍റെ ഭാഗമായി ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ രാജ്യവ്യാപക ക്യാമ്പയിൻ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാർഥികളുടെ അടിസ്ഥാന വിദ്യാഭ്യാസ സാഹചര്യങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരികയാണ് ലക്ഷ്യം.


ആ​ഗസ്ത് 15ന് ക്യാമ്പയിന് തുടക്കമാകുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ അറിയിച്ചു. രക്ഷിതാക്കളും പൗരന്മാരും ഗ്രാമത്തലവന്മാരും ഒരുമിച്ച് പ്രവർത്തിച്ച് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെ അവഗണന പരിഹരിക്കണമെന്നാണ് സിജെപിയുടെ ആവശ്യം.


മഹാരാഷ്ട്രയിലെ തന്റെ ഗ്രാമമായ ഹിംഗോളിയിൽ നിന്നാണ് അഭിജീത് ദീപ്കെ ക്യാമ്പയിന് തുടക്കമിടുക. ഗ്രാമത്തിലെ സർക്കാർ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗ്രാമത്തലവനെ നേരിട്ട് സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ, കഴിഞ്ഞ 80 വർഷത്തിനിടെ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടത് ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളാണെന്ന് ദീപ്കെ പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ പുതിയ വസതിയും നിർമിച്ചിട്ടും ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.


ഗ്രാമങ്ങളിലെ കുട്ടികൾക്ക് ഇപ്പോഴും സ്കൂളിലെത്താൻ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവരുന്നുവെന്നും പല സ്കൂളുകളിലും കുടിവെള്ളവും ശുചിമുറിയും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ല. പെൺകുട്ടികളെയാണ് ഇത്തരം സൗകര്യങ്ങളുടെ അഭാവം കൂടുതൽ ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ ഗ്രാമത്തലവന്മാരോട് സ്വന്തം പ്രദേശത്തെ സർക്കാർ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താൻ സിജെപി ആഹ്വാനം ചെയ്തു. ‘സർപഞ്ച് ചലഞ്ച്’ എന്ന പേരിലാണ് ഇതിന്റെ ഭാഗമായി പ്രവർത്തനം നടത്തുക. സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്ന ഗ്രാമത്തലവന്മാരെ സിജെപി സമൂഹമാധ്യമങ്ങളിലൂടെ പൊതുവായി അംഗീകരിക്കുകയും സ്കൂളുകളുടെ പ്രവർത്തനങ്ങൾക്ക് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവെച്ച് അവരുടെ പ്രവർത്തനത്തിന് അംഗീകാരം നൽകുകയും ചെയ്യും.


സർക്കാർ സ്കൂളുകളിൽ പൗരന്മാരുടെ നേതൃത്വത്തിലുള്ള സാമൂഹിക ഓഡിറ്റിനും സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ സ്കൂളുകൾ സന്ദർശിച്ച് വൈദ്യുതി, ശുദ്ധമായ കുടിവെള്ളം, പ്രവർത്തനക്ഷമമായ ശുചിമുറികൾ, ഉച്ചഭക്ഷണ പദ്ധതി എന്നിവ ലഭ്യമാണോ എന്ന് പരിശോധിക്കണമെന്നാണ് നിർദേശം. ഇതിനായി പൂരിപ്പിക്കാവുന്ന ഓഡിറ്റ് ഫോമും ഉടൻ പുറത്തിറക്കുമെന്ന് സിജെപി അറിയിച്ചു. പരിശോധനയുടെ വിവരങ്ങളും ദൃശ്യങ്ങളും ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കും.


ഓൺലൈൻ ആക്ഷേപഹാസ്യ പ്ലാറ്റ്‌ഫോമായി ആരംഭിച്ച സിജെപി പിന്നീട് രാജ്യത്തെ പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികളെ അണിനിരത്തി വലിയ പ്രതിഷേധത്തിന് നേതൃത്വം നൽകുകയായിരുന്നു. നീറ്റ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, വിദ്യാർഥികളുടെ പരാതികളോടുള്ള കേന്ദ്രസർക്കാരിന്റെ സമീപനം എന്നിവ ഉയർത്തിക്കാട്ടിയായിരുന്നു ഡൽഹിയിലെ ജന്തർമന്തറിൽ വിദ്യാർഥി - യുവജന സമരം ആരംഭിച്ചത്.


ജൂണിൽ ആരംഭിച്ച സമരം തുടർച്ചയായി 36 ദിവസം നീണ്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും യുവാക്കളും പ്രവർത്തകരും ജന്തർമന്തറിലെ സമരത്തിൽ പങ്കെടുത്തു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നത് സമരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. സമ്മർദങ്ങൾക്കൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home