print edition രാജ്യത്തെ ആദ്യത്തെ നഗരനയവുമായി കേരളം

തിരുവനന്തപുരം: ത്വരിതഗതിയിൽ നഗരവൽക്കരിക്കുന്ന കേരളത്തിന്റെ അടുത്ത 25 വർഷത്തെ വികസനദിശ നിർണയിക്കാൻ നഗരനയം രൂപീകരിച്ച് സംസ്ഥാനം. തദ്ദേശ വകുപ്പ് തയ്യാറാക്കിയ കരട് നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. രണ്ടുവർഷത്തെ തുടർച്ചയായ പ്രവർത്തനഫലമായാണ് ഇത്തരമൊരു നയം തയ്യാറാക്കിയത്. 2023–-24 ലെ സംസ്ഥാന ബജറ്റിലാണ് സർക്കാർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2023 ഡിസംബറിൽ ദേശീയ- അന്തർദേശീയ വിദഗ്ധരെ ഉൾക്കൊള്ളിച്ച് രൂപീകരിച്ച കേരള നഗരനയ കമീഷൻ 2025 മാർച്ചിൽ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് സെപ്‌തംബറിൽ കൊച്ചിയിൽ ചേർന്ന ആഗോള സമ്മേളനം വിശദമായി ചർച്ചചെയ്‌തു. ഇതിലെ നിർദേശങ്ങൾകൂടി ഉൾകൊള്ളിച്ചു.
നഗരനയ കമീഷന്റെ കണക്ക് പ്രകാരം 2050ഓടെ കേരളത്തിന്റെ 80 ശതമാനവും നഗരവൽകരിക്കപ്പെടും. മലനാടിനും തീരദേശത്തിനും ഇടയിൽ അതീവ ജനസാന്ദ്രതയുള്ള മേഖലകളിൽ വികേന്ദ്രീകൃതമായി നഗരവികസനം വ്യാപിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി സാഹചര്യത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളിലടക്കമുള്ള നഗര വികസനത്തെ ശാസ്ത്രീയമായി സമീപിക്കാനുളള അടിസ്ഥാന രേഖയായിരിക്കും നയം.
എല്ലാവരെയും ഉൾക്കൊള്ളുന്നതും നഗരവൽക്കരണം സൃഷ്ടിക്കുന്ന സൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാവുകയും ചെയ്യുന്ന മാതൃകയാണ് ഉദ്ദേശിക്കുന്നത്.
നിയമങ്ങളിലും സംവിധാനങ്ങളിലും വരുത്തുന്ന പരിഷ്കാരങ്ങൾ, കാര്യശേഷി വികസനവും ഭരണസംവിധാനങ്ങൾ ശക്തിപ്പെടുത്തലും ജനകേന്ദ്രീകൃതമായ സേവനവും പദ്ധതികളും അടിസ്ഥാന സൗകര്യ വികസനം, സ്ഥലപരവും തന്ത്രപരവുമായ ആസൂത്രണം എന്നീ വിഷയ മേഖലകളായാണ് നയം തയ്യാറാക്കിയത്.










0 comments