സാമ്പത്തിക വർഷാവസാനം കേരളത്തിന് റെക്കോർഡ് നേട്ടം; ഖജനാവ് സുരക്ഷിതം: മന്ത്രി കെ എൻ ബാലഗോപാൽ

കൊട്ടാരക്കര: കടുത്ത സാമ്പത്തിക വെല്ലുവിളികൾക്കിടയിലും 2025-26 സാമ്പത്തിക വർഷത്തിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ച് കേരളം. മാർച്ച് 31-ന് സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ട്രഷറിയിൽ 4000 കോടി രൂപയുടെ നീക്കിയിരിപ്പോടെയാണ് സംസ്ഥാനം പുതിയ വർഷത്തിലേക്ക് കടക്കുന്നതെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
സർക്കാർ പണമില്ലാതെ വലയുന്നു എന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് ഈ കണക്കുകളെന്ന് അദ്ദേഹം കൊട്ടാരക്കരയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ ആകെ പദ്ധതി ചെലവ് 106.46 ശതമാനമായി ഉയർന്നു.
രണ്ട് തെരഞ്ഞെടുപ്പ് പെരമാറ്റച്ചട്ടങ്ങൾ നിലനിന്ന വർഷമായിട്ടും ഈ നേട്ടം കൈവരിക്കാനായത് അഭിമാനകരമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 98 ശതമാനത്തിലെത്തുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനവും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ആകെ 31,922 കോടി രൂപയാണ് പദ്ധതികൾക്കായി വിനിയോഗിച്ചത്.
സംസ്ഥാനത്തിന്റെ തനത് വരുമാനം ചരിത്രത്തിലാദ്യമായി ഒരു ട്രില്യൺ (ഒരു ലക്ഷം കോടി) രൂപ കടന്നു. തനത് നികുതി വരുമാനം 81,300 കോടി രൂപയായും നികുതിയേതര വരുമാനം 22,300 കോടി രൂപയായും ഉയർന്നു. ജിഎസ്ടി പരിഷ്കരണങ്ങളും ആഗോള യുദ്ധസാഹചര്യങ്ങളും വെല്ലുവിളിയായെങ്കിലും ശാസ്ത്രീയമായ നികുതി പിരിവിലൂടെ വരുമാനം വർധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു.
സാമൂഹ്യസുരക്ഷാ പെൻഷനായി കഴിഞ്ഞ വർഷം മാത്രം 13,684 കോടി രൂപ നൽകി. രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചുവർഷത്തിനിടെ ആകെ 51,534 കോടി രൂപയാണ് പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത് കേവലം 9,011 കോടി മാത്രമായിരുന്നു.
വീട്ടമ്മമാർക്ക് 1000 രൂപ നൽകുന്ന പദ്ധതിക്കായി 323 കോടി ചെലവഴിച്ചു. യുവാക്കൾക്ക് 1000 രൂപ നൽകുന്ന പദ്ധതിക്ക് 15 കോടി കൈമാറി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2025 വരെയുള്ള ക്ഷാമബത്ത ശമ്പളത്തോടൊപ്പം അനുവദിച്ചു. കേന്ദ്ര സർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമൂലം അഞ്ചുവർഷത്തിനിടെ ഒന്നേകാൽ ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്.
വർഷം തോറും 50,000 കോടിയോളം രൂപയുടെ വരുമാന നഷ്ടം നേരിടുന്നു. ഹിമാചൽ പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുമ്പോഴാണ് കേരളം പൊതുചെലവ് വർധിപ്പിച്ച് വികസന മാതൃക സൃഷ്ടിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളിലെ അധിക സഹായം (ബജറ്റ് വിഹിതത്തിന് പുറമെ):
ജലജീവൻ മിഷൻ: 3000 കോടി (ബജറ്റിൽ 560 കോടി)
കെഎസ്ആർടിസി: 1626 കോടി (ബജറ്റിൽ 1039 കോടി)
കാരുണ്യ പദ്ധതി: 918 കോടി (ബജറ്റിൽ 700 കോടി)
മരുന്ന് വാങ്ങാൻ (KMSCL): 756 കോടി (ബജറ്റിൽ 400 കോടി)
അഞ്ചാം വർഷവും സാമ്പത്തിക ഭദ്രത ഉറപ്പാക്കി മുന്നേറുന്ന പിണറായി സർക്കാർ വരാനിരിക്കുന്ന ഇടതുപക്ഷ സർക്കാരിന് കരുത്തുറ്റ ധനപരമായ അടിത്തറയാണ് നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.











0 comments