print edition രാസവള വിതരണ പരിഷ്കാരം ഉപേക്ഷിക്കണം: കർഷകസംഘം

തിരുവനന്തപുരം: കർഷകരെ ദുരിതത്തിലാക്കുന്ന രാസവള വിതരണ പരിഷ്കാരം ഉപേക്ഷിക്കണമെന്ന് കർഷകസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മുൻകൂട്ടി രജിസ്റ്റർ ചെയ്തയാളിനുമാത്രം കേന്ദ്ര ഡിജിറ്റൽ കാർഷിക വിവരസങ്കേതം (അഗ്രി സ്റ്റാക്ക്) നമ്പർ അനുസരിച്ച് വളം ലഭിക്കുന്ന സമ്പ്രദായം അംഗീകരിക്കാനാകില്ല. കടുത്ത നിയന്ത്രണത്തോടെയും നിബന്ധനകളോടെയുമുള്ള വിതരണത്തിൽ കർഷകർ ആശങ്കയിലാണ്.
അഗ്രി സ്റ്റാക്ക് നമ്പർ ഉണ്ടെങ്കിലേ ആപ്പിൽ ലോഗിൻ ചെയ്യാനാകൂ. വളത്തിന്റെ അളവ് തെരഞ്ഞെടുത്താൽ സമീപത്തെ ഡീലർമാരുടെ വിവരം ലഭിക്കും. വാങ്ങാൻ പോകുന്ന വ്യക്തിയുടെ ആധാർ വിവരം നൽകണം. ഇവർക്കുമാത്രമേ വാങ്ങാനാകൂ. ബുക്ക് ചെയ്യുന്ന ദിവസം വാങ്ങാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിച്ച ക്യൂആർ കോഡ് ഉപയോഗിച്ച് മൂന്നുദിവസത്തിനകം വളം വാങ്ങണം. ക്യൂആർ കോഡ് സ്കാൻ ചെയ്തശേഷം പിഒഎസ് മെഷീനിൽ വിരലടയാളവും രേഖപ്പെടുത്തണം. ശേഷമായിരിക്കും വളം കിട്ടുക.
ഭൂരിഭാഗംപേർക്കും അഗ്രി സ്റ്റാക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാനായിട്ടില്ല. മൂന്നുവർഷംമുമ്പുള്ള റവന്യു വിവരം അഗ്രി സ്റ്റാക്കിലുള്ളത് പലർക്കും പ്രതിസന്ധിയുണ്ടാക്കുന്നു. ഭൂരേഖകളിലെ അപാകം, കൂട്ടവകാശമുള്ള ഭൂമികൾ, കൈവശഭൂമിയും റവന്യു രേഖകളും തമ്മിലുള്ള പൊരുത്തക്കേട്, ആധാർ ഭൂരേഖയുമായി ബന്ധിപ്പിക്കാത്തത്, പാട്ടക്കൃഷി സംബന്ധമായ പ്രശ്നം തുടങ്ങിയവയും കർഷകർക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ തടസ്സമാകുന്നു. ഒരു സ്ഥലത്ത് ഒരു വിള അടിസ്ഥാനത്തിലാണ് വിതരണമെന്നതിനാൽ ഇടവിളകൾക്കും വളം ലഭിക്കില്ല. കൂട്ടുകൃഷിയും സംയോജിത കൃഷി സമ്പ്രദായവും പിന്തുടരുന്ന കേരളത്തിൽ ഒരു വിളയ്ക്ക് ആവശ്യമായ നിർദിഷ്ട വളംമാത്രം നൽകുന്നത് പ്രായോഗികമല്ല. കോർപറേറ്റുകളെ സഹായിക്കാനുള്ള നടപടിയാണിത്.
ഭൂപ്രകൃതിയുടെയും കൈവശഭൂമിയുടെയും പ്രത്യേകതകളിൽ ഇത്തരം നിയന്ത്രണം നടപ്പാക്കുന്നത് അപ്രായോഗികമായതിനാൽ കേരളത്തെ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ഇടൻ ആവശ്യപ്പെടണം. പ്രശ്‌ന പരിഹാരമില്ലെങ്കിൽ കർഷകർ സമരപാതയിലേക്ക് ഇറങ്ങേണ്ടിവരുമെന്ന് കർഷകസംഘം പ്രസിഡന്റ് എം വിജയകുമാറും സെക്രട്ടറി വത്സൻ പനോളിയും പറഞ്ഞു.










0 comments