ad
Deshabhimani

print edition എൻജിനിയറിങ്ങിന്‌ കേന്ദ്രീകൃത സ്‌പോട്ട് പ്രവേശനമില്ല: സ്വാശ്രയലോബിക്ക്‌ ഒത്താശ; ആശങ്കയിൽ വിദ്യാർഥികൾ

KTU.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 11, 2026, 12:46 AM | 1 min read

തിരുവനന്തപുരം: എൻജിനിയറിങ് കോഴ്‌സുകളിലേക്ക്‌ കേന്ദ്രീകൃത സ്‌പോട്ട്‌ അഡ്‌മിഷൻ ഉന്നതവിദ്യാഭ്യാസ വകുപ്പ്‌ അട്ടിമറിച്ചതോടെ വിദ്യാർഥികൾ ആശങ്കയിൽ. സ്വാശ്രയമേഖലയ്‌ക്കുവേണ്ടിയാണ്‌ സർക്കാർ നീക്കം. നാലാം അലോട്ട്‌മെന്റ്‌ ഒഴിവാക്കിയത്‌ വിദ്യാർഥികൾക്ക്‌ സർക്കാർ, എയ്‌ഡഡ് എൻജിനിയറിങ് കോളേജുകളിലേക്ക്‌ മാറാനുള്ള അവസരം ഇല്ലാതാക്കിയിരുന്നു. പിന്നാലെയാണ്‌ കേന്ദ്രീകൃത സ്‌പോട്ട് അഡ്‌മിഷനും വെട്ടിയത്‌.


കഴിഞ്ഞവർഷം നാലാം അലോട്ട്മെന്റിനുശേഷം തൃശൂർ ഗവ. എൻജിനിയറിങ് കോളേജിൽ കേന്ദ്രീകൃത സ്‌പോട്ട് അഡ്‌മിഷൻ നടത്തി. ഇതിൽ വിവിധ സർക്കാർ എൻജിനിയറിങ്‌ കോളേജുകളിൽ പ്രവേശനത്തിന്‌ അവസരമുണ്ടായിരുന്നു.


മൂന്നാം അലോട്ട്‌മെന്റിൽ സ്വാശ്രയ കോളേജിൽ പ്രവേശനം കിട്ടിയവർ നാലാം അലോട്ട്‌മെന്റിൽ സർക്കാർ കോളേജിലേക്ക്‌ മാറിയിരുന്നു. എന്നാൽ, യുഡിഎഫ്‌ സർക്കാർ ഇ‍ൗ രണ്ട്‌ സാധ്യതയും ഇല്ലാതാക്കി. മെഡിക്കൽ പ്രവേശനം ഉറപ്പിച്ച മികച്ച റാങ്കുകാർ പിന്മാറുന്നതടക്കം ഒഴിവുവരുന്ന സീറ്റിൽ പ്രവേശനം നേടാൻ കഴിയാതാകും.


സർക്കാർ കോളേജുകളിൽ സീറ്റ്‌ ഒഴിഞ്ഞുകിടക്കും. ഇത്‌ ചൂണ്ടിക്കാട്ടി കോഴ്‌സുകൾ വെട്ടിക്കുറയ്‌ക്കാനും ശ്രമമുണ്ടാകും.


​എൻഒസി നൽകുന്നില്ലെന്ന്‌ പരാതി


സർക്കാർ എൻജിനിയറിങ്‌ കോളേജുകളിൽ ചൊവ്വാഴ്‌ച മുതൽ വെള്ളിയാഴ്‌ചവരെ സ്‌പോട്ട്‌ അഡ്‌മിഷൻ നടക്കുമെന്നറിയിച്ച്‌ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്‌ സമയക്രമം പുറത്തുവിട്ടിട്ടുണ്ട്‌. സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർക്ക്‌ പങ്കെടുക്കാൻ നിരാക്ഷേപപത്രം (എൻഒസി) വേണം. പല സ്വാശ്രയ കോളേജുകളും എൻഒസി നൽകുന്നില്ലെന്ന്‌ വിദ്യാർഥികൾ പരാതിപ്പെട്ടു.


വിവിധ കോളേജുകളിൽ ഒരേദിവസം സ്‌പോട്ട് അഡ്‌മിഷൻ നടക്കുന്നതും തിരിച്ചടിയാകും. മൂന്നാം അലോട്ട്‌മെന്റ്‌ കിട്ടിയവർക്ക്‌ പ്രവേശനം നേടാനുള്ള സമയം തിങ്കളാഴ്ച വൈകിട്ട്‌ കഴിഞ്ഞു. സിബിഎസ്‌ഇ മൂല്യനിർണയ പിഴവ്‌ കാലതാമസം വരുത്തിയതും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച്‌ പ്രവേശനത്തിന്‌ സമയം നീട്ടണമെന്നും സ്‌പോട്ട്‌ അഡ്‌മിഷൻ കേന്ദ്രീകൃതമാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home