print edition തിരിച്ചടി ആദ്യമല്ല; കൊടുങ്കാറ്റായി തിരിച്ചുവന്നിട്ടുണ്ട്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ലഭിച്ചെങ്കിലും ശക്തമായ രാഷ്‌ട്രീയ അടിത്തറയുള്ള എൽഡിഎഫിന് കൊടുങ്കാറ്റായി തിരിച്ചുവരാനാകുമെന്നതിന് ചരിത്രം സാക്ഷി.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഏറ്റവും ആഴത്തിലുള്ള പരാജയം ഏറ്റുവാങ്ങിയ 2001ൽ ഇന്നത്തേതിന് സമാനമായ വിജയമാണ് യുഡിഎഫിന് ഉണ്ടായത്. എന്നാൽ, 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും 2005ലെ തദ്ദേശ തെരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കി. 2006ൽ അത്യുജ്വലമായി തിരിച്ചുവന്ന് ഇടതുപക്ഷം അധികാരത്തിലെത്തി.
2001ൽ 40സീറ്റും 37ശതമാനം മാത്രം വോട്ടുംനേടിയ എൽഡിഎഫിന് മൂന്നുവർഷത്തിനുശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 18സീറ്റും 48ശതമാനത്തിലധികം വോട്ടും ലഭിച്ചു. ലോക്‌സഭയിൽ ശക്തമായ ഇടപെടലിനും കേന്ദ്ര നയങ്ങൾക്കെതിരെ ശബ്‌ദമുയർത്താനും കഴിഞ്ഞ കാലഘട്ടമായിരുന്നു അത്.
2005ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 46ശതമാനത്തോളം വോട്ട് നേടി എൽഡിഎഫ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വിജയനാന്ദി കുറിച്ചു. 2006ൽ മിന്നുന്ന വിജയത്തോടെ അധികാരത്തിലെത്തി. 2011ൽ തുടർഭരണത്തിന്റെ അടുത്തെത്തിയെങ്കിലും നേരിയ വ്യത്യാസത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നു.
എൽഡിഎഫ് സമ്പൂർണ സാക്ഷരതയും ജനകീയാസൂത്രണവും കുടുംബശ്രീ അടക്കമുള്ള ജനപദ്ധതികളും നടപ്പാക്കിയശേഷം വന്ന തെരഞ്ഞെടുപ്പുകളിലും ജനവിധി എതിരായിട്ടുണ്ട്. വൻവികസനമാണ് കഴിഞ്ഞ 10വർഷമുണ്ടായത്. ഇവ ചർച്ചയാക്കാതെ മറ്റ് വിഷയങ്ങൾ അജൻഡയാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.
ബഹുഭൂരിപക്ഷം വരുന്ന മാധ്യമങ്ങളും ഇടതുവിരുദ്ധ ശക്തികളുടെ കൂട്ടായ്മയും ഇതിന് ചൂട്ടുപിടിച്ചു. അതേസമയം, ഇടതുപക്ഷത്തിന്റെ നേരിയ തെറ്റുകളും പൊറുക്കില്ലെന്ന നിലപാടും ജനങ്ങൾ സ്വീകരിച്ചു. അത്തരം സന്ദർഭങ്ങളിൽ ജനവിധി അംഗീകരിക്കുകയും തെറ്റുകൾ തിരുത്തി മാറ്റംവരുത്തുകയുമാണ് എൽഡിഎഫ് ചെയ്തത്.
അധികാരം മാത്രമല്ല രാഷ്‌ട്രീയ പ്രവർത്തനമെന്ന വ്യക്തമായ ബോധ്യമുള്ള ഇടതുപക്ഷം, തോൽവി ജനസേവനത്തിനും സംഘടനാപരമായ ശക്തിപ്പെടലിനുമുള്ള അവസരമാക്കി മാറ്റും. ഇടതുപക്ഷം ശക്തമായി തിരിച്ചുവരികതന്നെ ചെയ്യും.










0 comments