ad
Deshabhimani

print edition ബിജെപിയുടെ നേട്ടത്തിന് 
സഹായിച്ചത്‌ കോൺഗ്രസ്‌

BJP-CONGRESS
വെബ് ഡെസ്ക്

Published on May 05, 2026, 12:03 AM | 1 min read

തിരുവനന്തപുരം: ബിജെപി നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളിലെല്ലാം സഹായം നൽകിയത്‌ കോൺഗ്രസ് കേന്ദ്രങ്ങൾ. ബിജെപി വിജയിച്ച മൂന്നു മണ്ഡലങ്ങളിലും രണ്ടാംസ്ഥാനത്ത്‌ എൽഡിഎഫ്‌ ആണെന്നതും ശ്രദ്ധേയം.


കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചതോടെയാണ്‌ ആ മണ്ഡലങ്ങളിൽ എൽഡിഎഫിന്‌ അനുകൂലമാകേണ്ട ജനവിധിതന്നെ അട്ടിമറിക്കപ്പെട്ടതെന്ന്‌ കണക്കുകളിൽനിന്ന്‌ വ്യക്തം. നേമം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ കഴിഞ്ഞകാല വോട്ടിങ് നില പരിശോധിക്കുമ്പോൾ ബിജെപി– യുഡിഎഫ്‌ ഡീൽ വ്യക്തമാണ്‌.


നേമത്ത് 2016-ൽ ഒ രാജഗോപാലിനെ വിജയിപ്പിക്കാൻ യുഡിഎഫ് സ്വീകരിച്ച അതേ തന്ത്രമാണ് ഇത്തവണയും ആവർത്തിക്കപ്പെട്ടത്. അന്ന് മണ്ഡലത്തിൽ സ്വാധീനമില്ലാത്ത സ്ഥാനാർഥിയെ നിർത്തി വോട്ടുകൾ ബിജെപി പാളയത്തിലേക്ക് ഒഴുക്കി.


2011-ൽ 20,248 വോട്ട് നേടിയ യുഡിഎഫിന് 2016-ൽ ലഭിച്ചത് വെറും 13,860 വോട്ടുകൾ മാത്രം.2021-ൽ യുഡിഎഫ് വോട്ട് 51,888 ആയി ഉയർന്നപ്പോൾ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വി ശിവൻകുട്ടി ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചു. ഇപ്പോൾ കോൺഗ്രസിന്റെ വോട്ട്‌ 29,730 ആയി കുറഞ്ഞു, ബിജെപി വിജയിച്ചു. യുഡിഎഫ് വോട്ടുകളിലെ കുറവാണ്‌ ബിജെപിയുടെ വിജയം ഉറപ്പാക്കിയത്‌.


കഴക്കൂട്ടത്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ ഉജ്വല മുന്നേറ്റം നടത്തിയെങ്കിലും കോൺഗ്രസ് സ്വാധീനമേഖലകളിൽ ബിജെപിക്ക് അസ്വാഭാവിക ലീഡ് ലഭിച്ചു.


ചാത്തന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ആർ രാജേന്ദ്രൻ അവസാന നിമിഷംവരെ പൊരുതിയെങ്കിലും കോൺഗ്രസ് വോട്ടുകളുടെ പിൻബലത്തിൽ ബിജെപി വിജയം കണ്ടു. കായംകുളത്ത്‌ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുപ്രകാരം ബിജെപിക്ക്‌ 20,712 വോട്ടും ലോക്‌സഭയിലെ കണക്കുപ്രകാരം 31,802 വോട്ടും കുറഞ്ഞു.


ഇത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ ലഭിച്ചു. ബിജെപി കോൺഗ്രസിനെ സഹായിക്കുന്ന ‘പരസ്പര സഹായ ധാരണ’കളും പ്രകടമായി.

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ വിജയിച്ചത് വോട്ട് കൈമാറ്റത്തിലൂടെയാണെന്ന ആരോപണവുമുയരുന്നു.


കോഴിക്കോട്‌ ജില്ലയിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഒന്പത്‌ മണ്ഡലങ്ങളിൽ ബിജെപിക്ക്‌ വോട്ട്‌ കുറഞ്ഞു. നാലിടത്ത്‌ മാത്രമാണ് നില മെച്ചപ്പെടുത്താൻ കഴിഞ്ഞത്‌. ബാലുശേരിയിൽ 7470, കൊയിലാണ്ടിയിൽ 1133, വടകരയിൽ 3635, കുന്നമംഗലത്ത്‌ 1837, കുറ്റ്യാടിയിൽ 3409, തിരുവന്പാടിയിൽ 3130, പേരാന്പ്രയിൽ 2214 വോട്ടുകളാണ്‌ കുറഞ്ഞത്‌. കോഴിക്കോട്‌ നോർത്തിലും സ‍ൗത്തിലും എലത്തൂരിലും ബേപ്പൂരിലുമാണ്‌ ബിജെപിക്ക്‌ വോട്ട്‌ കൂടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home