പോഷകാഹാരത്തിൽ നിന്ന് മുട്ട ഔട്ട്! 5 രൂപയുടെ കോഴിമുട്ട ഒറ്റയടിക്ക് 10 രൂപയിൽ

തിരുവനന്തപുരം : അരിവിലയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കോഴിമുട്ടയുടെ വിലയും കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ കോഴിമുട്ടയ്ക്ക് എട്ട് മുതൽ പത്ത് രൂപ വരെയാണ് വില. അഞ്ച് രൂപയ്ക്ക് ലഭിച്ചിരുന്ന മുട്ടയ്ക്കാണ് ഒറ്റയടിക്ക് വില വർധിച്ചത്. സാധാരണക്കാരന് താങ്ങാനാവാത്ത വിധം നാടൻ കോഴിമുട്ടയുടെ വിലയും ഉയരുകയാണ്.
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ബാക്കിപത്രമായാണ് കോഴിമുട്ടയുടെ വിലയും ഉയരുന്നത്. കേന്ദ്ര സർക്കാർ വൻകിട കോർപ്പറേറ്റുകൾക്ക് എഥനോൾ നിർമാണത്തിനായി വൻതോതിൽ ചോളം മറിച്ചുവിൽക്കാൻ തുടങ്ങിയതാണ് നിലവിലെ രൂക്ഷമായ പ്രതിസന്ധിക്ക് അടിസ്ഥാന കാരണം. കോഴിത്തീറ്റ ഉല്പാദിപ്പിക്കുന്നതിനുള്ള ചോളത്തിന്റെ ലഭ്യത കുറഞ്ഞതോടെ കോഴിത്തീറ്റക്ക് വില കുത്തനെ കൂടി. ഇതോടെ കോഴിമുട്ട വിലയും വർധിച്ചു.
എഥനോൾ ഉല്പാദനത്തിന് ചോളം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ കോഴിത്തീറ്റ നിർമാണ മേഖല പ്രതിസന്ധിയിലാണ്. നേരത്തെ 1,800 മുതൽ 2,000 രൂപ വരെയായിരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2,760 രൂപയാണ് കർഷകർ നൽകേണ്ടി വരുന്നത്. കേന്ദ്ര സർക്കാരിന്റെ എഥനോൾ നയത്തിന്റെ ഫലമായി ഉയർന്ന ഉൽപ്പാദനച്ചെലവ് താങ്ങാനാവാതെ സംസ്ഥാനത്തെ ചെറുകിട കോഴികർഷകർ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
ക്രിസ്മസ് - പുതുവത്സര സീസൺ അടുത്തതോടെ കേക്ക് നിർമാണത്തിന് കോഴിമുട്ട ആവശ്യമാണ്. ഇതിനായി വൻതോതിൽ മുട്ട മുൻകൂറായി സംഭരിക്കുന്നതും വിപണിയിൽ ആവശ്യം വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ കർഷകദ്രോഹ - കോർപ്പറേറ്റ് പ്രീണന നയങ്ങളാണ് ഈ മേഖലയേയും സാരമായി ബാധിക്കുന്നത്.
ചോളം എഥനോൾ നിർമാണത്തിനായി വിട്ടുനൽകുന്ന കേന്ദ്രനയം തിരുത്താതെ കോഴിത്തീറ്റ വില കുറയില്ല. അതുകൊണ്ടു തന്നെ ചെറുകിട കോഴിക്കർഷകർക്ക് മുട്ടവില കുറയ്ക്കാനും സാധിക്കില്ല. അരി മുതൽ മുട്ട വരെയുള്ള അവശ്യസാധനങ്ങൾക്കടക്കം തീവിലയാണ് നൽകേണ്ടി വരുന്നത്. സാധാരണക്കാരുടെ നടുവൊടിക്കുന്ന വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ കാര്യക്ഷമമായ യാതൊരു ഇടപെടലും നടത്താതെ നോക്കുകുത്തിയാവുകയാണ് കേന്ദ്ര സർക്കാർ.









0 comments