print edition എൽഡിഎഫ് നടപ്പാക്കിയ പദ്ധതികൾ തുടരും: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ നല്ല പദ്ധതികൾ തുടരുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ. ഖാദർ കമീഷൻ റിപ്പോർട്ടിൽ ഉൾപ്പെടെ പെട്ടെന്നൊരു അഴിച്ചുപണി ഉദ്ദേശിക്കുന്നില്ല. എതിർപ്പുള്ളവയിൽ അക്കാദമിക് വിദഗ്‌ധരുമായി ചർച്ച നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തും.
3,14,000 വിദ്യാർഥികളാണ് പുതിയ അധ്യയന വർഷം ഒന്നാം ക്ലാസിൽ എത്തിയത്. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലായി 42 ലക്ഷം കുട്ടികൾ എത്തി. പ്രമോഷൻ നടപടി പൂർത്തിയാക്കാത്തതിനാൽ പ്രധാനാധ്യാപകർ ഇല്ലാത്ത സ്‌കൂളുകളിൽ അത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കും.
ഫിറ്റ്നസ് ഇല്ലാത്തതിന്റെ പേരിൽ ഒരു സ്കൂളും തുറക്കാതിരുന്നിട്ടില്ല. സെൻസസ് ഡ്യൂട്ടിയിൽ ഉൾപ്പെടാത്ത അധ്യാപകർക്ക് സ്ഥലംമാറ്റം നടപ്പാക്കുന്നത് ആലോചിക്കും. പഠനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സബ്ജക്ട് മിനിമം പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത് ചർച്ച ചെയ്ത് തീരുമാനിക്കും. വിദ്യാഭ്യാസ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പഠനം ആവശ്യമാണെന്നും വിദ്യാഭ്യാസ വിദഗ്ധരുടെ സമിതി രൂപീകരിക്കും.
ആഴ്ചയിൽ ഒരിക്കൽ കളർ ഡ്രസ് എന്നതിൽ ചർച്ച ചെയ്ത് തീരുമാനിക്കും. സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുന്ന തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്നും മന്ത്രി തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പറഞ്ഞു.










0 comments