ad
Deshabhimani

print edition വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ പ്രീണനം; കവിക്ക് പച്ചക്കൊടി

PM Shri Fund
വെബ് ഡെസ്ക്

Published on Jun 07, 2026, 01:45 AM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലും സർവകലാശാലകളിലും ചാൻസലർകൂടിയായ ഗവർണർ ആർഎസ്എസ് അജൻഡ നടപ്പാക്കുമ്പോൾ പ്രതികരിക്കാതെ യുഡിഎഫ്‌ സർക്കാർ. ലോക്‌ഭവൻ കേന്ദ്രീകരിച്ച്‌ സംഘപരിവാർ, സർവകലാശാലകളിൽ നടത്തുന്ന കാവിവൽക്കരണത്തിനും സമ്മർദ്ദത്തിനും സർക്കാർ കീഴ്‌പ്പെടുന്നതിന്റെ ഭാഗമായാണ്‌ ഈ മ‍ൗനം.


എംജി സർവകലാശാലയിൽ സംഘപരിവാർ നേതാവിനെ താത്കാലിക വിസിയാക്കിയപ്പോഴും സെനറ്റിൽ ബിജെപിക്കാരെ കൂട്ടത്തോടെ കുടിയിരുത്തിയപ്പോഴും മുഖ്യമന്ത്രി വി ഡി സതീശനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും പുലർത്തിയത്‌ ബോധപൂർവമായ മ‍ൗനം. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന യുഡിഎഫ്- – ബിജെപി ഡീലിന്റെ ഭാഗമാണ്.


മഹാത്മാഗാന്ധി സർവകലാശാലയിൽ 30 അംഗ സെനറ്റിൽ ബിജെപി ദേശീയസമിതി അംഗം ജെ പ്രമീളാദേവി ഉൾപ്പെടെ 19 സംഘപരിവാറുകാരെയാണ്‌ ഗവർണർ തിരുകിക്കയറ്റിയത്‌. പുതിയ വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിൾർദേശിക്കാനുള്ള സെനറ്റ് യോഗം മാറ്റിവച്ച്‌ സർക്കാർ സംഘപരിവാറിന്‌ ഒത്താശ ചെയ്തു.


ഗവർണറും ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണും കൂടിക്കാഴ്ച നടത്തിയതിന്‌ തൊട്ടുപിന്നാലെയാണ്‌ സെനറ്റ്‌ യോഗം മാറ്റിയത്‌. ചട്ടപ്രകാരം താൽക്കാലിക വിസി ആക്കേണ്ടവരുടെ പട്ടിക യഥാസമയം നൽകാതെയും സർക്കാർ ഒത്താശചെയ്‌തു. സീനിയർ പ്രൊഫസർമാരുടെ പട്ടിക സർക്കാരിൽനിന്ന്‌ വാങ്ങി അതിൽനിന്നാണ്‌ താൽക്കാലിക വിസിമാരെ ഗവർണർ നിയമിക്കാറുള്ളത്‌.


ഇത്തവണ സർക്കാർ പാനൽ നൽകാതെ സംഘപരിവാർ അനുകൂലിയായ വിസിയെ നിയമിക്കാൻ ഒത്താശ ചെയ്തു. സെനറ്റിലേക്ക്‌ ആർഎസ്‌എസ്‌ അനുഭാവികളെ ശുപാർശ ചെയ്ത ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിയോ യുഡിഎഫ്‌ നേതാക്കളോ പ്രതികരിച്ചിട്ടില്ല. ഗവർണറോട്‌ ഏറ്റുമുട്ടാനില്ലെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണവും ഇതിന്റെ തുടർച്ചയായിവേണം കാണാൻ.


പിഎം ശ്രീ നടപ്പാക്കും


തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കാനും ദേശീയ വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്രത്തിന്റെ ഗൂഢനീക്കമായ പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ യുഡിഎഫ്‌ സർക്കാർ. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ചർച്ചചെയ്‌ത്‌ തീരുമാനമെടുക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ മാധ്യമങ്ങളോട്‌ പറഞ്ഞു.


മുൻ സർക്കാർ പിഎം ശ്രീ പദ്ധതി താൽക്കാലികമായി നിർത്തിവയ്‌ക്കുക മാത്രമാണ്‌ ചെയ്‌തതെന്ന തെറ്റിദ്ധരിപ്പിക്കുന്ന പരാമർശവും മന്ത്രി നടത്തി. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്ന ഉപാധിയോടെ മാത്രം ഫണ്ട് നൽകുമെന്ന ഭീഷണിക്ക്‌ വഴങ്ങില്ലെന്ന് പ്രഖ്യാപിക്കാനും തയ്യാറായിട്ടില്ല.


ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ കേന്ദ്രം തടഞ്ഞുവച്ച എസ്എസ്‌കെ വിഹിതം നേടിയെടുക്കാൻ മുൻ എൽഡിഎഫ്‌ സർക്കാർ പദ്ധതിയിൽ ഒപ്പിട്ടത്‌. വിദ്യാർഥികൾക്ക്‌ അർഹമായ പണം നേടിയെടുക്കുക മാത്രമാണ് ലക്ഷ്യമെന്ന്‌ വ്യക്തമാക്കിയിരുന്നു.


ധാരണാ പത്രം നടപ്പാക്കില്ലെന്നും പദ്ധതിയിൽനിന്ന് പിന്മാറുന്നതായും എൽഡിഎഫ് സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. അന്ന്‌ വിവാദം സൃഷ്ടിച്ച് കോലാഹലമുയർത്തിയവർ ഇപ്പോൾ പിഎം ശ്രീയെ പുണരുന്നത്‌ കോൺഗ്രസ്‌– ബിജെപി ഡീലിന്റെ ഭാഗമാണെന്ന വിമർശം ശക്തമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home