ad
Deshabhimani

കേന്ദ്രം നൽകിയ അംഗീകാരവും നിർമല സീതാരാമൻ കാണുന്നില്ലേ

print edition 28ൽനിന്ന്‌ ഒന്നിലെത്തിച്ചത്‌ എൽഡിഎഫ് സർക്കാർ

Kerala Economic Growth
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Feb 13, 2026, 02:45 AM | 1 min read


തിരുവനന്തപുരം

കമ്യൂണിസ്‌റ്റുകാർ ഭരിച്ചാൽ നിക്ഷേപമെത്തില്ല എന്ന കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്‌താവന, സ്വന്തം സർക്കാർ കേരളത്തിനുനൽകിയ അംഗീകാരങ്ങൾപോലും മനസിലാക്കാതെ. കേന്ദ്രസർക്കാർ നൽകുന്ന വ്യവസായസ‍ൗഹൃദ റാങ്കിങ്ങിൽ 28-–ാം സ്ഥാനത്തുനിന്ന്‌ കേരളം ഒന്നിലേക്ക്‌ കുതിച്ചത്‌ എൽഡിഎഫ് സർക്കാർ ഭരണത്തിലെത്തിയ ശേഷമായിരുന്നു. കേന്ദ്രവ്യവസായ മന്ത്രാലയത്തിനുകീഴിലുള്ള ഡിപിഐഐടിയാണ്‌ സ്‌റ്റേറ്റ്‌ ബിസിനസ്‌ റിഫോംസ്‌ ആക്ഷൻ പ്ലാൻ എന്നപേരിൽ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തുന്നത്‌. ഇതിലാണ്‌ 28–ാം സ്ഥാനത്തുനിന്ന്‌ 2022ൽ കേരളം പതിനഞ്ചിലെത്തിയത്‌. 2024ൽ ഒന്നാംറാങ്കിലേക്ക്‌ എത്തിയ കേരളം 2025ൽ ഒന്നാംസ്ഥാനം നിലനിർത്തുകയും ചെയ്‌തു.


എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച സംരംഭകവർഷം പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ദേശീയ വ്യവസായ അവലോകനയോഗത്തിലാണ്‌ എംഎസ്‌എംഇ രംഗത്തെ രാജ്യത്തെ ഏറ്റവുംമികച്ച പദ്ധതിയായി തെരഞ്ഞെടുത്തത്‌. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്റെ അംഗീകാരവും ഇ‍ൗ പദ്ധതിയെ തേടിയെത്തി. അമേരിക്കൻ സൊസൈറ്റിയുടെ 87 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ്‌ ഇന്ത്യയിൽനിന്ന്‌ ഒരു പദ്ധതിക്ക്‌ അംഗീകാരം ലഭിച്ചത്‌. ഇതേ പദ്ധതിക്ക്‌ ദാവോസിലെ ലോകസാമ്പത്തിക ഫോറത്തിലും പ്രശംസലഭിച്ചു. സംരംഭകവർഷം പദ്ധതിയിലൂടെ 3.60 ലക്ഷം സംരംഭങ്ങളാണ്‌ പുതുതായി ആരംഭിച്ചത്‌. 24,000 കോടിയുടെ നിക്ഷേപവും 7.63 ലക്ഷം തൊഴിലും സൃഷ്ടിച്ചു.


കേന്ദ്രമന്ത്രിയടക്കം പങ്കെടുത്ത്‌ കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയിൽ 449 കമ്പനികളിൽനിന്ന്‌ 1.96 ലക്ഷം കോടിയുടെ നിക്ഷേപവാഗ്‌ദാനം ലഭിച്ചു. ഇതിൽ നൂറിലധികം പദ്ധതികൾ നിർമാണം ആരംഭിച്ചു. ദാവോസിൽനടന്ന ലോകസാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷംകോടിയുടെ നിക്ഷേപ പദ്ധതികൾക്കാണ്‌ താൽപ്പര്യപത്രം ഒപ്പുവച്ചത്‌. ചരിത്രത്തിൽ ആദ്യമായാണ്‌ ദാവോസിലെ സാമ്പത്തികഫേ-ാറത്തിൽനിന്ന്‌ കേരളം നിക്ഷേപം സ്വീകരിച്ചത്‌.


കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴിയോടൊപ്പം ഏഴോളം ഇടനാഴികളാണ്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്‌. എന്നാൽ, ഇതിലാദ്യം നിർമാണത്തിലേക്ക്‌ കടന്നത്‌ കേരളമായിരുന്നു. കേന്ദ്രസർക്കാർ കൈയൊഴിഞ്ഞ എച്ച്‌എൻഎൽ ഏറ്റെടുത്ത്‌ കെപിപിഎല്ലിന്‌ രൂപംനൽകാനും ഏറ്റവുംമികച്ച വ്യവസായ സ്ഥാപനമായി അതിനെ മാറ്റാനും കഴിഞ്ഞു. കാസർകോട്ടെ ഭെൽ ഏറ്റെടുത്ത്‌ കെൽ ഇഎംഎല്ലും രൂപീകരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി കേന്ദ്രം വിറ്റഴിക്കുമ്പോഴാണ്‌ രാജ്യത്തെങ്ങും കാണാത്ത മാതൃക കേരളം സ്വീകരിക്കുന്നത്‌. ഇതൊന്നും കാണാതെയാണ്‌ അവതരിപ്പിച്ച ഒമ്പതു ബജറ്റിലും കേരളത്തെ പൂർണമായി കൈയൊഴിഞ്ഞ കേന്ദ്ര ധനമന്ത്രിയുടെ പ്രസ്‌താവന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home