ഫ്യൂച്ചർ ടെക്നോളജിയിൽ ചുവടുറപ്പിച്ച് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി അഞ്ചാം വർഷത്തിലേക്ക്

മൈക്രോസോഫ്റ്റ് പ്രിൻസിപ്പൽ റിസർച്ച് സയന്റിസ്റ്റ് പ്രൊഫസർ സ്വാമി മനോഹർ വാർഷികാഘോഷ പരിപാടിയിൽ തിരിതെളിയിക്കുന്നു.
തിരുവനന്തപുരം: ഡിജിറ്റൽ കാലഘട്ടത്തിലെ നൂതന സാങ്കേതികവിദ്യകൾക്ക് അനുസൃതമായ വിദ്യാഭ്യാസ മാതൃകയുമായി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി അഞ്ചാം വർഷത്തിലേക്ക്. ബയോ-എഐ, കമ്പ്യൂട്ടേഷണൽ സയൻസ്, കമ്പ്യൂട്ടേഷണൽ ഡ്രഗ് ഡിസൈൻ തുടങ്ങി ഫ്യൂച്ചർ ടെക്നോളജി മേഖലകൾ കേന്ദ്രീകരിച്ചുള്ള കോഴ്സുകളാണ് യൂണിവേഴ്സിറ്റിയിലുള്ളത്. പ്രശ്നപരിഹാര ശേഷിയും പ്രായോഗിക തൊഴിൽ പരിചയവും വളർത്തുന്ന പഠനരീതിയാണ് യൂണിവേഴ്സിറ്റിയുടെ പ്രത്യേകത. വിദ്യാഭ്യാസം, ഗവേഷണം, പ്രൊഡക്റ്റ് വികസനം എന്നീ മേഖലകളെ ഒരുമിപ്പിക്കുന്ന പ്രവർത്തന മാതൃകയും സിഎംഎം ലെവൽ 3 ലക്ഷ്യമാക്കിയ എന്റർപ്രൈസ് സോഫ്റ്റ്‌വെയർ വികസന പ്രവർത്തനങ്ങളും ആണ് യൂണിവേഴ്സിറ്റിയെ സവിശേഷമാക്കുന്നത്.
“Earn While You Learn” ആശയത്തിലൂന്നിയ എംഎസ്‍സി പ്രോഗ്രാമിലൂടെ വിദ്യാർഥികൾക്ക് മാസത്തിൽ 10,000 മുതൽ 40,000 രൂപ വരെ സമ്പാദിക്കാം. ഏകദേശം 100 കോടി ബഡ്ജറ്റിൽ 70–80% വരുമാനം പ്രോജക്റ്റുകളിലൂടെ സ്വയം സമാഹരിക്കുന്ന സാമ്പത്തിക മാതൃകയിലേക്കാണ് യൂണിവേഴ്സിറ്റി മുന്നേറുന്നത്. 27 പേറ്റന്റുകൾ സ്വന്തമാക്കിയിട്ടുള്ള സ്ഥാപനത്തിൽ ദേശീയ-അന്താരാഷ്ട്ര ഗവേഷണ പദ്ധതികളിൽ പ്രവർത്തിക്കുന്ന ഫാക്കൽറ്റികളാണ് ഭൂരിപക്ഷം.
എഐ ഹാക്കത്തോൺ, എഐ പവേർഡ് ക്വിസ്, സ്കൂൾ കുട്ടികൾക്കായുളള എഐ വർക്ക് ഷോപ്പുകൾ, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയ പാനൽ ചർച്ചകൾ തുടങ്ങിയവ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നു. മൈക്രോസോഫ്റ്റ് പ്രിൻസിപ്പൽ റിസർച്ച് സയന്റിസ്റ്റ് പ്രൊഫസർ സ്വാമി മനോഹർ സ്ഥാപക ദിന പ്രഭാഷണം നടത്തി. സാങ്കേതിക ലോകത്തെ ലിംഗപരമായ പങ്കാളിത്തത്തെക്കുറിച്ചും ഭരണനിർവഹണത്തിലെ ഡിജിറ്റൽ മാറ്റങ്ങളെക്കുറിച്ചും അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ചർച്ചകൾ നടന്നു. കേരളത്തിന്റെ ഭരണനിർവഹണ മേഖലകളിൽ വന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ മാറ്റങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ വിശദീകരിക്കും.
പുതിയ കാലത്ത് വ്യാവസായിക മേഖലകളിൽ ഉണ്ടാകുന്ന സാങ്കേതികമാറ്റങ്ങളെ കമ്പനികൾ എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന് അലയൻസ് സർവീസസ് സിഇഒ ജിസൻ ജോൺ, ടാറ്റാ എലക്സി ഹെഡ് എ ശ്രീകുമാർ, യുഎസ്ടി ഗ്ലോബലിന്റെ റീജിയണൽ ഹെഡ് ശില്പാ മേനോൻ തുടങ്ങിയവർ വിദ്യാർഥികളോട് വിശദീകരിക്കും. 'എഐ ലോകത്തെ തൊഴിൽ വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് സൺ ടെക്, അർമേ ഡാ, സ്കിൽ അപ് ഗ്ലോബൽ തുടങ്ങിയ കമ്പനികളിലെ എച്ച്ആർ മേധാവികൾ സംസാരിക്കും. എഐ മെഗാ ക്വിസിൽ വിവിധ കോളേജുകളിലെ വിദ്യാർഥികൾ പങ്കെടുക്കും. ഇവിടെ നിർമ്മിത ബുദ്ധിയും മനുഷ്യബുദ്ധിയും തമ്മിൽ മാറ്റുരയ്ക്കും. 'സാമൂഹ്യ നന്മയ്ക്ക് എഐ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി 24 മണിക്കൂർ നീളുന്ന എഐ ഹാക്കത്തോണും വാർഷികാഘോഷ പരിപാടിയിലുണ്ട്.
വരുൺ രമേഷ് നയിക്കുന്ന എഐ ഫിലിം മേക്കിംഗ് വർക്ക്‌ഷോപ്പും ഫിലിം ഫെസ്റ്റിവലുമാണ് മൂന്നാം ദിവസത്തെ പ്രധാന ആകർഷണം. നിർമ്മിത ബുദ്ധിയിലും പുതു സാങ്കേതികവിദ്യകളിലും ഉള്ള പ്രായോഗിക ഗവേഷണത്തെ കുറിച്ചുള്ള ചർച്ച എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും TReST റിസേർച്ച് പാർക്കിന്റെ ചെയർമാനുമായ പ്രൊഫ. സാബു തോമസ് നയിക്കും. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസ്‌ലർ പ്രൊഫ. ജഗതി രാജ് വി പി, മുൻ കെടിയു വിസിയും TReST റിസേർച്ച് പാർക്കിന്റെ സിഇഒയുമായ ഡോ. രാജശ്രീ എം എസ്, കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പാനൽ ചർച്ചയിൽ പങ്കെടുക്കും.










0 comments