print edition മില്‍മയെ അട്ടിമറിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങൾക്കുവേണ്ടി

കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി സ്വകാര്യ സ്ഥാപനങ്ങൾക്കുവേണ്ടിയാണെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട് കേന്ദ്രമായി ഉയര്‍ന്നുവരുന്ന സ്വകാര്യ ഡെയറി പ്രൊജക്ടിനെ വളര്‍ത്താനുള്ള ഗൂഢതന്ത്രമാണിത്. 200 കോടി രൂപയുടെ ഈ പ്രൊജക്ടിനുപിന്നില്‍ യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയുടെ നേതാവാണ്. പണം പിരിച്ചുതുടങ്ങുന്ന പ്രസ്ഥാനത്തിന്റെ ഓഹരി ഉടമകള്‍ മിക്കവാറും യുഡിഎഫ് അനുകൂല രാഷ്ട്രീയ നിലപാടുള്ളവരാണ്.
ക്ഷീര വികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടറെത്തന്നെ മലബാര്‍ മില്‍മയുടെ അഡ്മിനിസ്‌ട്രേറ്ററാക്കി. അന്വേഷണ കമ്മിറ്റി മെമ്പറായും നിയമിച്ചു. മലബാര്‍ മില്‍മയെ തകര്‍ത്ത് സ്വകാര്യ ഡെയറിക്ക് ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കാനാണിത്. പ്രതിവര്‍ഷം 1774 കോടി രൂപ വിറ്റുവരവുള്ള കേരളത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ പ്രസ്ഥാനമാണ് മലബാര്‍ മില്‍മ. ദിനംപ്രതി മൂന്നരക്കോടി രൂപയാണ് പാല്‍വിലയായിമാത്രം ക്ഷീര കര്‍ഷകരുടെ കൈകളിലേക്കെത്തിക്കുന്നത്.
നട്ടാല്‍ മുളയ്ക്കാത്ത നുണക്കഥകളുണ്ടാക്കിയാണ് മലബാര്‍ മില്‍മ ഭരണസമിതി പിരിച്ചുവിട്ടത്. ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നെങ്കിലും തെളിയിക്കാന്‍ സാധിച്ചിട്ടില്ല. മില്‍മയുടെ പേരില്‍ ഒരുരൂപപോലും അനധികൃതമായി കൈപ്പറ്റിയിട്ടില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ നിയമവ്യവസ്ഥയേയും ജനങ്ങളെയും ക്ഷീരകര്‍ഷകരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും കെ എസ് മണി പറഞ്ഞു. മില്‍മ ഫെഡറേഷന്‍ ഡയറക്ടര്‍മാരായ പി ടി ശ്രീനിവാസന്‍, നാരായണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.






0 comments