മഴക്കാലപൂർവ ശുചീകരണം പാളി, രോഗവ്യാപനം രൂക്ഷം; പകർച്ചവ്യാധികളിൽ വിറച്ച് നാട്

പ്രതീകാത്മക ചിത്രം
സ്വന്തം ലേഖിക
Published on Jun 08, 2026, 12:15 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വിതച്ച് പകർച്ചവ്യാധികൾ പടരുന്നു. ഒരാഴ്‌ചയ്ക്കിടെ 303 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 1081 പേർ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. ശനിയാഴ്‌ചമാത്രം വിവിധ ജില്ലകളിലായി 35 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വയറിളക്കവുമായി 2399 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഷിഗല്ല രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആശങ്കയ്ക്കിടയാക്കി. കോഴിക്കോട് ഷിഗല്ല മരണം കൂടാതെ, നാലു പേരാണ് ഇൗ മാസം വിവിധ പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചത്. വെസ്റ്റ്‌നൈൽ പനി, എച്ച്‌എൻ വൺ, ഇൻഫ്ലുവൻസ, ഡെങ്കിപ്പനി പിടിപെട്ടാണ് മരണങ്ങൾ.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ രോഗികളുള്ളത്. കാലവർഷം ശക്തിപ്രാപിച്ചതും സർക്കാരിന്റെ മഴക്കാലപൂർവ ശുചീകരണം പാളിയതുമാണ് രോഗവ്യാപനം രൂക്ഷമാക്കിയത്.
ഓടകൾ വൃത്തിയാക്കുന്നതിലും വെള്ളമൊഴുക്ക് സുഗമമാക്കുന്നതിലും പരാജയപ്പെട്ടു. തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിൽ മഴയിൽ വെള്ളക്കെട്ടും മാലിന്യം കുമിഞ്ഞു കൂടിയതും കൊതുക് പ്രജനനത്തിന് ആക്കം കൂട്ടി. മാലിന്യക്കൂമ്പാരങ്ങൾ എലികളുടെ ശല്യം വർധിപ്പിച്ചിട്ടുണ്ട്. ശുചിത്വം പാലിക്കാനും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാനും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്.
ഷിഗല്ല വ്യാപനത്തിൽ ശ്രദ്ധിക്കാം
ബാക്ടീരിയമൂലമുണ്ടാകുന്ന ഈ രോഗം പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയും വളരെ വേഗത്തിൽ പടരുന്നതിനാൽ പ്രതിരോധ നടപടികൾ കർശനമാക്കണം.
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെങ്കിലും നന്നായി കഴുകുക. കുടിക്കാൻ എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക. പുറത്തുനിന്നുള്ള ജ്യൂസുകളോ ഐസ് ചേർത്ത പാനീയങ്ങളോ ഒഴിവാക്കുക. കുടിവെള്ള സ്രോതസ്സുകൾ ശുദ്ധിയാക്കുക. ലക്ഷണങ്ങൾ വയറിളക്കം, വയറുവേദന, പനി, ഛർദി, വിസർജിക്കുന്നതിന് മുമ്പായി കടുത്ത വേദന









0 comments