ad
Deshabhimani

മറ്റ് ചില മുഖ്യമന്ത്രിമാരെപ്പോലെ കേസെടുക്കില്ലെന്ന് പറയുമോ? ചോദ്യത്തിൽ അസ്വസ്ഥനായി സതീശൻ

V D Satheesan.jpg

വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Jul 29, 2026, 11:30 AM | 1 min read

തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടിൽ സമരം ചെയ്തവർക്കെതിരെ വ്യാപകമായി കേസുകൾ എടുക്കുന്നതിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ. രാജ്യത്തെ മറ്റ് ചില മുഖ്യമന്ത്രിമാരെപ്പോലെ സമരക്കാരായ വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്നും എടുത്ത കേസുകൾ പിൻവലിക്കുമെന്നും പറയാത്തത് എന്തുകൊണ്ടാണെന്ന് മാധ്യമപ്രവർത്തകർ വാർത്താസമ്മേളനത്തിൽ സതീശനോട് ചോദിച്ചു. എന്നാൽ അസ്വസ്ഥതയോടെയാണ് മുഖ്യന്ത്രി പ്രതികരിച്ചത്. ഒരു ചോദ്യം മൂന്ന് തവണ ചോദിക്കേണ്ട എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


നീറ്റ് പ്രക്ഷോഭത്തിൽ ഇതുവരെ അയ്യായിരത്തോളം പേർക്കെതിരെയാണ് കേരളത്തിൽ കേസെടുത്തത്. എസ്‌എഫ്‌ഐ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ 166 പേരെ അറസ്റ്റ്‌ചെയ്‌തു. കൊച്ചിയിൽ റാപ്പർ വേടനടക്കമുള്ളവർക്കെതിരെ കേസെടുത്തു. ഫുട്‌ബോൾ താരം സി കെ വിനീത്‌, ഗായകൻ അലോഷി, അവതാരക രഞ്ജിനി ഹരിദാസ്‌, മാധ്യമപ്രവർത്തക കെ കെ ഷാഹിന, എഴുത്തുകാരി നവമി തുടങ്ങിയവർക്കെതിരെയും കേസെടുത്തു.


കണ്ണൂരിൽ വിദ്യാർഥിയായ കശ്യപിനെ റിമാൻഡ്‌ചെയ്‌തു. അറസ്റ്റിൽ പ്രതിഷേധിക്കാൻ ട‍ൗൺ സ്റ്റേഷനിലെത്തിയ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസുൾപ്പെടെ 20 പേർക്കെതിരെ കേസെടുത്തു. ഹെഡ് പോസ്റ്റ് ഓഫീസ്‌ മാർച്ചിൽ പങ്കെടുത്തതിന്‌ കണ്ടാലറിയാവുന്ന രണ്ടായിരം പേർക്കെതിരെയും കേസുണ്ട്‌. എസ്‌എഫ്‌ഐ അവകാശപത്രിക മാർച്ച്‌ നടത്തിയതിനും 33 പേർക്കെതിരെ സെൻട്രൽ പൊലീസ്‌ കേസെടുത്തു.


നീറ്റ്‌ പ്രക്ഷോഭത്തെ വേട്ടയാടിയതിന്‌ സുപ്രീംകോടതി നോട്ടീസ്‌ ലഭിച്ച ഏക പ്രതിപക്ഷ സംസ്ഥാനമാണ് കേരളം. കേസുകൾ സ്റ്റേചെയ്‌തും നടപടി വിലക്കിയുമുള്ള ഇടക്കാല ഉത്തരവിൽ ബിജെപി സംസ്ഥാനങ്ങളായ യുപി, മഹാരാഷ്‌ട്ര, ബിഹാർ, ബംഗാൾ, അസം, മധ്യപ്രദേശ്‌, ഡൽഹി എന്നിവയ്‌ക്കൊപ്പമാണ്‌ ഇനി യുഡിഎഫ്‌ സർക്കാർ കോടതിയിൽ മറുപടി പറയേണ്ടത്‌. കേന്ദ്രസർക്കാരിനെതിരെ എസ്‌എഫ്‌ഐ അടക്കമുള്ള പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ നടത്തിയ സമരങ്ങളെ ബിജെപി സംസ്ഥാനങ്ങളെ നാണിപ്പിക്കുംവിധമാണ്‌ വി ഡി സതീശൻ സർക്കാർ അടിച്ചമർത്താൻ ശ്രമിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home