ad
Deshabhimani

print edition ഇനി യുദ്ധം ഡൽഹിയിൽ

kerala cm issue
avatar
സ്വന്തം ലേഖകൻ

Published on May 09, 2026, 12:00 AM | 1 min read

ന്യൂഡൽഹി : ​മുഖ്യമന്ത്രിക്കസേരയ്‌ക്കുള്ള തർക്കം തെരുവുയുദ്ധമായി മാറിയതോടെ നേതാക്കളെ ഡൽഹിയിലേക്ക്‌ വിളിപ്പിച്ച്‌ കോൺഗ്രസ്‌ നേതൃത്വം. വി ഡി സതീശൻ, രമേശ്‌ ചെന്നിത്തല, സണ്ണിജോസഫ്‌ എന്നിവർ വെള്ളി രാത്രി വൈകി ഡൽഹിയിലെത്തി. കെ സി വേണുഗോപാൽ നിലവിൽ ഡൽഹിയിലുണ്ട്‌. മുഖ്യമന്ത്രിയാരാകണമെന്നതിലെ തർക്കം പരിഹരിക്കാൻ ശനിയും ഞായറും ഡൽഹിയിൽ നടക്കും. അതേസമയം, കോൺഗ്രസ്‌ എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞ നിരീക്ഷകർ അവരുടെ റിപ്പോർട്ട്‌ ഹൈക്കമാൻഡിന്‌ സമർപ്പിച്ചു. കെ സി വേണുഗോപാലിനെ പിന്തുണയ്‌ക്കുന്ന റിപ്പോർട്ടാണ്‌ മുകുൾവാസ്‌നിക്കും അജയ്‌മാക്കനും നൽകിയത്‌.


മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദത്തിൽ മൂന്ന്‌ നേതാക്കളും ഉറച്ചുനിൽക്കുകയാണ്‌. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തനിക്കാണെന്ന്‌ വേണുഗോപാലും ഘടകകക്ഷികളുടെയും മുതിർന്നനേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണ തനിക്കാണെന്ന്‌ സതീശനും സീനിയോറിറ്റിയുടെ ആനുകൂല്യം തനിക്കാണെന്ന്‌ ചെന്നിത്തലയും അവകാശപ്പെടുന്നു. തർക്കങ്ങൾ തെരുവിൽ എത്തിയതിൽ രാഹുൽഗാന്ധിയും മല്ലികാർജുൻഖാർഗെയും കടുത്ത അതൃപ്‌തിയിലാണ്‌. ഖാർഗേയുടെ വസതിക്കുമുന്നിലും വേണുഗോപാലിനെതിരെ ഫ്ലെക്‌സുയർന്നത്‌ നാണക്കേടായി. ‘അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ വേണുഗോപാൽ ജനവിധി മാനിക്കണം’ എന്നാണ്‌ ഫ്ലെക്‌സിലെ പരിഹാസം.എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ പട്ടികയുടെ ഫോട്ടോ പുറത്തുവന്നതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. പുറത്തുവന്ന പട്ടിക യഥാർഥമല്ലെന്ന്‌ മുകുൾവാസ്‌നിക്കും അജയ്‌മാക്കനും പ്രതികരിച്ചു.


കേരളത്തിലെ സാഹചര്യങ്ങൾ നേതൃത്വത്തെ ബോധ്യപ്പെടുത്തി. എംഎൽഎമാരുമായി സംസാരിച്ചശേഷം തങ്ങൾ ഒരു പ്രമേയം തയ്യാറാക്കിയിട്ടുണ്ട്‌. എംഎൽഎമാരുടെ പിന്തുണ, ഘടകകക്ഷികളുടെ നിലപാട്‌‍, ജനവികാരം തുടങ്ങിയ ഘടകങ്ങളാണ്‌ പരിഗണിച്ചത്‌. ആ പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി മുഖ്യമന്ത്രി ആരാണെന്നതിൽ തുടർചർച്ചകൾ നടക്കുമെന്നും നിരീക്ഷകർ പറഞ്ഞു. അനുയായികളോട്‌ സംയമനം പാലിക്കാൻ ആവശ്യപ്പെടണമെന്ന് എഐസിസി നിർദേശം നൽകി. ഇതേതുടർന്ന്‌, പ്രവർത്തകർ ശാന്തരാകണമെന്ന്‌ ആവശ്യപ്പെട്ട്‌ വി ഡി സതീശൻ സമൂഹമാധ്യത്തിൽ പോസ്‌റ്റിട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home