print edition അവധിയും താൽക്കാലിക നിയമനവും ഇല്ല


ബിജോ ടോമി
Published on Jun 29, 2026, 12:28 AM | 1 min read
തിരുവനന്തപുരം: സെൻസസ് ഒന്നാംഘട്ടത്തിന്റെ ഭാഗമായി അധ്യാപകർ വിവരശേഖരണം തുടങ്ങാൻ രണ്ടു ദിവസംമാത്രം ശേഷിക്കെ സ്‌കൂളുകളുടെ പ്രവർത്തനം അവതാളത്തിലാകുമെന്ന് ഉറപ്പായി. സർക്കാർ ഇളവുകൾ പ്രഖ്യാപിക്കാത്തതിനാലാണിത്. ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നും കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ താൽക്കാലിക നിയമനം നടത്തണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഗൗനിച്ചിട്ടില്ല. ശനി, ഞായർ ദിവസങ്ങളിൽ സെൻസസ് ഡ്യൂട്ടി ചെയ്യുന്നവർക്ക് മൂന്നു മാസത്തിന് ശേഷം പരിഹാരാവധി അനുവദിക്കാൻ മാത്രമാണ് തീരുമാനം. ഭൂരിഭാഗം അധ്യാപകർക്കും വീടിന് സമീപത്താണ് സെൻസസ് ജോലി ലഭിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ ന്യായം.
പൊതുവിദ്യാലയങ്ങളിലെ 60,000 അധ്യാപകരാണ് സ്‌കൂളിൽനിന്ന് മാറിനിൽക്കേണ്ടി വരിക. സെൻസസ് ഡ്യൂട്ടിയുള്ള ദിവസങ്ങളിൽ അധ്യാപനം മുടങ്ങുന്ന സാഹചര്യമാണ് ഉള്ളത്. പ്രധാനാധ്യാപകനൊഴികെ മുഴുവൻപേർക്കും സെൻസസ് ജോലി ലഭിച്ച നിരവധി സ്‌കൂളുകളുണ്ട്. 2011ലെ സെൻസസിനുവേണ്ടി വി എസ് അച്യുതാനന്ദൻ സർക്കാർ അധ്യാപകർക്ക് 16 ദിവസത്തെ ആർജിതാവധിയോ 32 പകുതി ദിവസ അവധിയോ അനുവദിച്ചിരുന്നു. എസ്‌ഐആർ സമയത്ത് അധ്യാപകരുടെ ഡ്യൂട്ടി കണക്കിലെടുത്ത് താൽക്കാലിക നിയമനം നടത്താൻ പിണറായി സർക്കാരും ഉത്തരവിറക്കിയിരുന്നു.
ജൂലൈ ഒന്നുമുതൽ 30 വരെയാണ് നിശ്‌ചയിക്കപ്പെട്ട പ്രദേശത്ത് അധ്യാപകർ വിവരശേഖരണം നടത്തേണ്ടത്. ഒരു എന്യൂമനേറ്റർ എണ്ണൂറോളം പേരിൽനിന്ന് 34 ചോദ്യങ്ങളിൽ വ്യക്തത തേടണം. സ്‌കൂൾ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും പ്രവർത്തിക്കാനാണ് നിർദേശം. എന്നാൽ ഇൗ സമയംകൊണ്ട് ജോലി പൂർത്തിയാക്കാനാകില്ല. അധ്യാപകർക്ക് സ്‌കൂളിൽനിന്ന് വിട്ട് നിൽക്കേണ്ടി വരും. ആഗസ്‌ത് 13നാണ് ഓണപ്പരീക്ഷ ആരംഭിക്കുന്നത്. ഇനി ശേഷിക്കുന്നത് 32 അധ്യയന ദിനങ്ങൾ മാത്രം.











0 comments