ad
Deshabhimani

വയനാട് ടൗൺഷിപ്പ് ​ഗുണഭോക്താക്കൾക്ക് ധനസഹായം, ഇടുക്കി വികസന പാക്കേജ്; മന്ത്രിസഭായോ​ഗ തീരുമാനം

cabinet
വെബ് ഡെസ്ക്

Published on Mar 14, 2026, 10:57 AM | 3 min read

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ടൗൺഷിപ്പിലെ ഗുണഭോക്താക്കൾക്ക് വീടുകളിലേക്ക് സാധന സാമഗ്രികൾ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വീതം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുക. സാധനങ്ങൾ വാങ്ങുന്നതിന്റെ ബിൽ സമർപ്പിക്കുന്നതിനനുസരിച്ച് തുക കൈമാറും.


കൊല്ലം കിളിമാനൂർ പാപ്പാല എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചു. കുട്ടികൾ പ്രായപൂർത്തിയാകുന്നത് വരെ ഈ തുക അവരുടെ അമ്മൂമ്മയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കും. തുകയുടെ പലിശ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.


ഇടുക്കി സ്പെഷ്യൽ ഡവലപ്പ്മെന്റ് പാക്കേജ്


ഇടുക്കി ജില്ലയുടെ വികസനത്തിനായി 'ഇടുക്കി സ്പെഷ്യൽ ഡവലപ്പ്മെന്റ് പാക്കേജ്' എന്ന പേരിൽ കിഫ്ബി വഴി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ അനുമതി നൽകി. മൂന്നാർ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ വികസനം, കട്ടപ്പന താലൂക്ക് ആശുപത്രിയുടെ വികസനം, മൂന്നാർ ഫ്ലൈ ഓവർ എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. കൂടാതെ, വയനാട് വൈത്തിരി തരുവണ റോഡിന്റെ ഭാഗമായ പടിഞ്ഞാറെത്തറ - നാലാം മൈൽ റോഡിന്റെ പുനരുദ്ധാരണത്തിനായി 93 കോടി രൂപയുടെ ഭരണാനുമതിയും നൽകി.


തെരുവോരങ്ങളില്‍ കഴിയുന്ന കുട്ടികളുടെ സുരക്ഷയും പുനരധിവാസത്തിനുമായി സംസ്ഥാന നയം രൂപീകരിക്കും


തെരുവോരങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയും പുനരധിവാസവും സംബന്ധിച്ച സംസ്ഥാന നയം രൂപീകരിക്കാൻ തീരുമാനിച്ചു. തെരുവില്‍ അലയുന്ന കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 2022 ജനുവരി 17ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ വെളിച്ചത്തിൽ, തെരുവിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷ, സംരക്ഷണം, ആരോഗ്യം എന്നിവ ഉറപ്പാക്കാനും തിരിച്ചറിയൽ രേഖകൾ നൽകുന്നത് അടക്കമുള്ള കാര്യങ്ങളുടെ സമഗ്ര രൂപരേഖയ്ക്കും മന്ത്രിസഭ അംഗീകാരം നൽകി.


എയ്‌ഡഡ്‌ കോളേജ് അനുവദിക്കും


പത്തനംതിട്ട അടൂരിന് സമീപം വീരശൈവ എഡ്യൂക്കേഷണൽ & എൻപവർമെന്റ് ട്രസ്റ്റിന്റെ മാനേജ്മെന്റിന് കീഴിൽ 'വീരശൈവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് & സയൻസ്' എന്ന പേരിൽ ഒരു എയ്ഡഡ് കോളേജ് ആരംഭിക്കാൻ അനുമതി നൽകി. ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ, ബികോം കോർപ്പറേഷൻ, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളോടെയാണ് കോളേജ് ആരംഭിക്കുക. യൂണിവേഴ്സിറ്റി അനുമതിക്ക് വിധേയമായിട്ടായിരിക്കും സർക്കാർ അനുമതി.


തീരസംരക്ഷണവും മറ്റ് തീരുമാനങ്ങളും


സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി 2026 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB) ധനസഹായത്തോടെ പ്രധാനപ്പെട്ട 10 ഹോട്ട് സ്പോട്ടുകളിൽ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കും. തിരുവനന്തപുരം - ശംഖുമുഖം, വർക്കല, കൊല്ലം - ആലപ്പാട്, ആലപ്പുഴ - വലിയഴീക്കൽ, തൃക്കുന്നപ്പുഴ, എറണാകുളം - വൈപ്പിൻ, തൃശൂർ - കൊടുങ്ങല്ലൂർ, കൈപ്പമംഗലം, മലപ്പുറം - പൊന്നാനി, കോഴിക്കോട് - കാപ്പാട്, കണ്ണൂർ - തലശേരി, കാസർകോട് - വലിയപറമ്പ എന്നിവിടങ്ങളിലാണ് 'കേരള സുസ്ഥിര തീരസംരക്ഷണവും കാലാവസ്ഥ പ്രതിരോധ ആസൂത്രണ പദ്ധതി' പ്രകാരം പദ്ധതി നടപ്പാക്കുന്നത്.

ഗവേഷണ പഠനകേന്ദ്രം ആരംഭിക്കും


ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ വസതിയായ 'സദ്ഗമയ' ഏറ്റെടുത്ത് അവിടെ ലോ ആൻഡ് ജസ്റ്റിസിൽ ഗവേഷണ പഠനകേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചു.


വേളി അമ്യൂസ്മെന്റ് പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി കുടിയൊഴിക്കപ്പെട്ട 18 കുടുംബങ്ങളുടെ പുനരധിവാസത്തിനായി കണ്ടെത്തിയ ഒരേക്കർ ഭൂമിക്ക് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം പരിവർത്തനത്തിന് അനുമതി നൽകി.


ശമ്പള പരിഷ്കരണവും നിയമനങ്ങളും


കേരള ടൂറിസം ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷൻ, കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, സ്റ്റീല്‍ ആന്‍റ് ഇന്‍റസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡ്,

കേരള ഹെല്‍ത്ത് റിസേര്‍ച്ച് ആന്‍റ് വെല്‍ഫെയര്‍ സൊസൈറ്റി, ദി ഫാര്‍സ്യൂട്ടിക്കല്‍സ് കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ് (ഔഷധി), പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്ഇആര്‍ടി എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ശമ്പളപരിഷ്കരണം അനുവദിച്ചു.


കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിയമ അംഗത്തിന്റെ തസ്തികയിലേക്ക് ജീന ജോസിനെ നിയമിക്കാൻ തീരുമാനിച്ചു.


വിവിധ വകുപ്പുകളിലായി നിരവധി പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു:


മോട്ടോർ വാഹന വകുപ്പിൽ 60 തസ്തികകൾ (34 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ, 26 മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ).


ബിവറേജസ് കോർപ്പറേഷനിൽ 68 തസ്തികകൾ.


പട്ടികവർഗ്ഗ വികസന വകുപ്പിൽ 2 ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ തസ്തികകളും 8 ക്ലാർക്ക് തസ്തികകളും.


ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 19 സയന്റിഫിക് ഓഫീസർ തസ്തികകൾ.


അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ 26 തസ്തികകൾ. തലശേരിയിലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അഡീഷണൽ ബെഞ്ചിനോടനുബന്ധിച്ച് സീനിയർ ഗവൺമെന്റ് പ്ലീഡറുടെയും ഗവൺമെന്റ് പ്ലീഡറുടെയും ഓരോ തസ്തികകൾ ഉൾപ്പെടെ.


പിന്നോക്ക വിഭാഗ വികസന വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തിക ജോയിന്റ് ഡയറക്ടറായി അപ്ഗ്രേഡ് ചെയ്യും, കൂടാതെ 10 പുതിയ ക്ലാർക്ക് തസ്തികകൾ.


തിരുവനന്തപുരം ജില്ലയിലെ നെടുമ്മങ്ങാട് പുതിയ ഐടിഐ സ്ഥാപിക്കുന്നതിനായി പ്രിൻസിപ്പൽ തസ്തികയടക്കം 16 തസ്തികകൾ.


ഇവ കൂടാതെ ഹൈക്കോടതി ആർബിട്രേഷൻ സെന്ററിൽ ഡയറക്ടർ തസ്തിക, നടുവിൽ സർക്കാർ പോളിടെക്നിക് കോളേജിൽ ഓട്ടോമൊബൈൽ വിഭാഗത്തിൽ 4 ലക്ചറർ തസ്തികകൾ, കോട്ടയം മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോതെറാപ്പി തസ്തിക, വിഴിഞ്ഞം പുനരധിവാസ പാക്കേജിന്റെ ഭാഗമായി കോട്ടുകാൽ വിഎച്ച്എസ്എസ്സിൽ അഗ്രി ബിസിനസ്സ് ആൻഡ് ഫാം സർവ്വീസസ് കോഴ്സിനായി മൂന്ന് തസ്തികകൾ, മലപ്പുറം കോട്ടുക്കര പിപിഎം എച്ച്എസ്എസിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ഒരു എച്ച്എസ്എസ്ടി ജൂനിയർ തസ്തിക എന്നിവയും സൃഷ്ടിക്കാൻ തീരുമാനിച്ചു.


ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള വിവിധ ഓഫീസുകളിലെ 688 താൽക്കാലിക തസ്തികകൾക്ക് 2026 ഡിസംബർ 31 വരെ തുടർച്ചാനുമതിയും നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home