print edition സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡിന് 41 തസ്തിക; മന്ത്രിസഭായോഗ തീരുമാനങ്ങൾ

തിരുവനന്തപുരം: പട്ടികജാതി ,വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം നേരിടുന്നതിന്റെ ഭാഗമായി സ്-പെഷ്യൽ മൊബൈൽ സ്‌ക്വാഡ് യൂണിറ്റുകളിൽ 41 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാലക്കാട് അഗളിയിൽ- 16, മാനന്തവാടിയിൽ 14, കാസർകോട്ട്- 11 തസ്‌തികകളാണ് സൃഷ്ടിക്കുക.
86 എസ്ഐ തസ്തിക സിവിൽ പൊലീസ് കേഡറിലേക്ക്
ക്ലോസ്ഡ് വനിതാ കേഡറിലെ 86 സബ് ഇൻസ്പെക്ടർ തസ്തിക കേരള സിവിൽ പൊലീസ് കേഡറിലേക്ക് താൽക്കാലികമായി പുനർവിന്യാസം ചെയ്യും.
അപ്രന്റിസ് ട്രെയിനികളെ നിയമിക്കും
സംസ്ഥാനത്തെ വിവിധ സർക്കാർ/അർധസർക്കാർ വകുപ്പുകളിൽ ജോബ് റോളുകൾക്ക് അനുസൃതമായി അപ്രന്റിസ് ട്രെയിനികളെ നിയമിക്കുന്നതിന് അനുമതി നൽകി. ഇവർക്ക് സ്റ്റൈപെന്റ് ഏർപ്പെടുത്തുംഇതിനായി വകുപ്പുകൾ പ്ലാൻ ഫണ്ടിൽനിന്ന് പണം മാറ്റിവയ്ക്കുന്നതിന് പകരം'കോമൺ പൂൾ ഫണ്ട്' രൂപീകരിക്കുന്നതിനും അനുമതി നൽകി. ഓരോ വകുപ്പിലും പുതിയതായോ താൽക്കാലികമായോ ഉണ്ടാകുന്ന ഡസിഗ്നേറ്റഡ് ട്രേഡുകളിലെ ഒഴിവ് യോഗ്യരായ അപ്രന്റിസുകളെ നിയമിക്കുന്നിതിന് അനുമതിൽ നൽകി. നിലവിൽ അഞ്ച് ശതമാനത്തിന് താഴെ അപ്രന്റിസുകളെ നിയമിച്ചിട്ടുള്ള വകുപ്പുകളിൽ 15 ശതമാനം വരെയായി വർധിപ്പിക്കാനും അനുമതി നൽകി.
കെട്ടിടനിർമാണ തൊഴിലാളി ക്ഷേമ ബോർഡിന് വായ്പാനുമതി
കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, പെൻഷനും മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ സർക്കാർ ഗ്യാരന്റിയിൽ വായ്പയെടുക്കാൻ അനുമതി നൽകി. കേരള ചുമട്ടു തൊഴിലാളി ക്ഷേമബോർഡ്–100 കോടി രൂപ, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി–185 കോടി രൂപ, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് 50 കോടി രൂപയുമാണ് നൽകുക.
നിഷ ജോണിന് നിയമനം
പരിക്ക് മൂലം കായികരംഗത്തുനിന്ന് പൂർണ്ണമായും വിട്ടുനിൽക്കേണ്ടിവന്ന മുൻ ദേശീയ കായികതാരം നിഷ ജോണിന് പൊതുമരാമത്ത് വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു, 2010–2014 കാലയളവിൽ വിഭിന്നശേഷിയുള്ള കായികതാരങ്ങൾക്കായി നീക്കിവച്ചതിൽ നികത്തപ്പെടാത്ത ഒഴിവിലാണ് നിയമനം നൽകുക.
തസ്തിക സൃഷ്ടിച്ചു
സംസ്ഥാന ബിവറേജസ് കോർപറേഷനിലെ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ, കംപ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ എന്നീ തസ്തിക കൂട്ടിച്ചേർത്ത് പഴയതുപോലെ കംപ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ തസ്തികയായി നിലനിർത്തും. ഇതിന് 43400–-91200 എന്ന ശമ്പള സ്കെയിൽ അനുവദിക്കും.
ശമ്പള പരിഷ്‌കരണം
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിലെ സ്ഥിരം തസ്തികകളിലെ സ്ഥിരംജീവനക്കാർക്കും കേരള അക്വാകൾച്ചർ ഡെവലപ്മെന്റ് ഏജൻസിയി (അഡാക്ക്)- ലെ റെഗുലറൈസ് ചെയ്ത തസ്തികകളിലെ 28 ജീവനക്കാർക്കും റെഗുലറൈസ് ചെയ്ത 36 ഫാം ലേബറർമാർക്കും 11–ാം ശമ്പള പരിഷ്കരണം അനുവദിക്കും.
നിയമനം
ഐഒഎഫ്‌എസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കറിന് കെഎസ്‌ആർടിസി സേവനത്തിലേക്ക് സ്ഥിരമായി ഉൾക്കൊള്ളിച്ച ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. സിറിയക് ജോർജ് മാമ്പലത്തിന് കേരള അഗ്രോ മിഷിനറി കോർപറേഷൻ ലിമിറ്റഡിൽ മനേജിങ് ഡയറക്ടറായും ഡയറക്ടർ ബോർഡ് അംഗമായും നിയമനം നൽകും.
വയനാട് ജില്ലാ ഗവ.പ്ലീഡർ ആൻഡ് പബ്ലിക്ക് പ്രോസിക്യൂട്ടറായി മീനങ്ങാടി സ്വദേശി അഡ്വ. എ ബി ചെറിയാനെ നിയമിക്കും.
കാലാവധി നീട്ടി
ഇൻഫോപാർക്ക്സ് കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സുശാന്ത് കുരുന്തിലിന്റെ സേവനകാലാവധി 2026 ജനുവരി നാലു മുതൽ ഒരു വർഷത്തേക്ക് നീട്ടി.
സർക്കാർ ഗ്യാരന്റി
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന് അനുവദിച്ച സംസ്ഥാന സർക്കാർ ഗ്യാരണ്ടിയുടെ കാലാവധി അഞ്ച് വർഷത്തിൽനിന്നും 20 വർഷമായി ഉയർത്തി നൽകും.
പ്രതിദിന അലവൻസ് വർധിപ്പിക്കും
ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റുകളിലെ ജീവനക്കാർക്ക് ശമ്പളത്തിന് പുറമേ മൂന്ന് സ്ലാബുകളിലായി അനുവദിച്ച പ്രതിദിന അലവൻസ്, കേഡർ വ്യത്യാസമില്ലാതെ 550 രൂപയായി വർധിപ്പിക്കും. വർധനവിന്റെ സാമ്പത്തിക ആനുകൂല്യം ഉത്തരവാകുന്നതിന്റെ തൊട്ടടുത്ത മാസം മുതൽ അനുവദിക്കും.
സാധൂകരിച്ചു
കൃഷിക്കും ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാൻ 2026 മെയ് 28 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച നടപടി സാധൂകരിച്ചു.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഓഫീസർമാരുടേയും വർക്കർമാരുടേയും ശമ്പള പരിഷ്‌കരണം യഥാക്രമം 2013 ജൂലൈ 01, 2013 ആഗസ്‌ത് ഒന്ന് എന്നീ തീയതി പ്രാബല്യത്തിൽ നടപ്പാക്കി കെഎസ്ഇബി ലിമിറ്റഡ് പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.
കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിലെ (കെയിസ്) കരാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, തസ്‌തിക പുനർനിർണയം എന്നിവയുമായി ബന്ധപ്പെട്ട് കെയ്സ് മാനേജിങ് ഡയറക്‌ടർ പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു. കെയ്‌സിന്റെ ഓർഗനോഗ്രാമിനും അംഗീകാരം നൽകി.
ജീവനക്കാരെ ക്രമപ്പെടുത്തും
കൊച്ചിൻ കോ-ഓപ്പറേറ്റീവ് മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിന്റെ ഭാഗമായി അന്ന് കോളേജിലുണ്ടായിരുന്ന വിവിധ വിഭാഗത്തിൽപ്പെട്ട 214 ജീവനക്കാരെ സുപ്രീം കോടതിയുടെ വിധിന്യായത്തിൽ നിർദേശിച്ചത് പ്രകാരം ക്രമപ്പെടുത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.










0 comments