തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും പരിഗണന; മുൻ ജനപ്രതിനിധികൾക്കായി 250 കോടിയുടെ ക്ഷേമനിധി

തിരുവനന്തപുരം: വിപ്ലവകരമായ ചുവടുവെയ്പ്പുമായി രാജ്യത്തെ ആദ്യത്തെ 'വയോജന ബജറ്റ്' ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികൾക്കായി ക്ഷേമനിധി രൂപീകരിക്കാൻ 250 കോടി രൂപ ബജറ്റിൽ വകയിരുത്തി.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ മുൻ അംഗങ്ങളുടെ ക്ഷേമം മുൻനിർത്തിയാണ് 250 കോടി രൂപയുടെ ക്ഷേമനിധി പ്രഖ്യാപിച്ചത്. ഈ പദ്ധതിയിലേക്ക് പണം നീക്കിവെക്കാൻ പ്രാദേശിക സർക്കാരുകൾക്കും മന്ത്രി അനുമതി നൽകി.
വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന വയോജന ബജറ്റിലൂടെ വയോമിത്രം, പകൽവീട് പദ്ധതികൾ കൂടുതൽ വിപുലീകരിക്കും. ആബാലവൃദ്ധം ജനങ്ങളെയും ചേർത്തുപിടിക്കുന്ന ഈ ബജറ്റ് വെറുമൊരു സ്വപ്ന ബജറ്റല്ല, മറിച്ച് പ്രായോഗികമായ വികസന രേഖയാണെന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കിയിരുന്നു.
കൂടാതെ നിലവിൽ തദ്ദേശസ്ഥാപനങ്ങളിൽ ജനപ്രതിനിധികളായി ഇരിക്കുന്നവരുടെ ഓണറേറിയത്തിലും വർദ്ധനവുണ്ടാകും. കേരളം ഇപ്പോൾ സാമ്പത്തിക അഭിവൃദ്ധിയുടെ 'ടേക്ക് ഓഫ്' ഘട്ടത്തിലാണെന്നും സംസ്ഥാനത്തിന്റെ ധനസ്ഥിതി മുൻവർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായും മന്ത്രി സഭയെ അറിയിച്ചു.
കേന്ദ്രത്തിന്റെ സാമ്പത്തിക ഞെരുക്കലുകൾക്ക് ബദലായി ജനകീയ വികസന മാതൃകകൾ കേരളം മുന്നോട്ട് വെയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും വേതനം വർധിപ്പിച്ചത് സ്ത്രീശാക്തീകരണ മേഖലയിലെ ശ്രദ്ധേയമായ തീരുമാനമാണ്.











0 comments