ad
Deshabhimani

print edition നൽകിയ വാഗ്‌ദാനം പാലിക്കുമോ? സംസ്ഥാന ബജറ്റ്‌ നാളെ

V D Satheesan Press Meet
വെബ് ഡെസ്ക്

Published on Jun 18, 2026, 12:54 AM | 1 min read

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനുമുമ്പ്‌ യുഡിഎഫ്‌ നടത്തിയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളും വെള്ളിയാഴ്‌ച അവതരിപ്പിക്കുന്ന ബജറ്റിൽ ഇടംപിടിക്കുമോ എന്ന്‌ ഉറ്റുനോക്കി കേരളം.


പുതിയ യുഡിഎഫ്‌ സർക്കാരിന്റെ ആദ്യ ബജറ്റാണിത്‌. അധികാരത്തിലെത്തിയാൽ പരിഹാരവും വി ഡി സതീശൻ ഉറപ്പുനൽകിയിരുന്നു. മുഖ്യമന്ത്രിക്കുതന്നെയാണ്‌ ധനവകുപ്പിന്റെയും ചുമതല.


ആശമാർക്കുള്ള സഹായത്തിന്റെ ആദ്യഘട്ടമാണ്‌ നേരത്തെ പ്രഖ്യാപിച്ചതെന്നതിനാൽ ബാക്കി തുക അനുവദിക്കുമോ എന്നാണ്‌ അവർ ഉറ്റുനോക്കുന്നത്‌.


കോളേജ്‌ വിദ്യാർഥിനികൾക്ക്‌ പ്രഖ്യാപിച്ച 1000 രൂപ, സംരംഭകർക്കുള്ള പലിശരഹിത വായ്‌പ, ജീവനക്കാർക്ക്‌ നൽകിയ ഡിഎ, ശമ്പള വർധനവ്‌ അടക്കമുള്ള ആനുകൂല്യങ്ങൾ, ക്ഷേമപെൻഷൻ 3000 രൂപ എന്നിവയും ബജറ്റിലുണ്ടാകുമോ എന്നതും കണ്ടറിയാം.


വെള്ളിയാഴ്‌ച നിയമസഭയിൽ അവതരിപ്പിക്കും. എൽഡിഎഫ്‌ സർക്കാറിന്റെ ബജറ്റിൽ എന്തൊക്കെ മാറ്റമാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കുകയെന്നത്‌ കണ്ടറിയണം. പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, പെൻഷൻ പ്രായം വർധിപ്പിക്കൽ, അഞ്ചുവർഷ ശന്പളപരിഷ്‌കരണമെന്നത്‌ പത്തുവർഷമാക്കൽ തുടങ്ങിയവയ്‌ക്ക്‌ സാധ്യതയുണ്ട്‌. മുണ്ടുമുറുക്കിയുടുക്കാനുള്ള എ കെ ആന്റണിയുടെ നിർദേശവും സർക്കാരിനുമുന്നിലുണ്ട്‌.


ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുന്നുവെന്നായിരുന്നു തെരഞ്ഞെടുപ്പിനുമുമ്പുള്ള യുഡിഎഫ്‌ ആക്ഷേപം.


അധികാരത്തിലെത്തിയതോടെ കേരളം കടമെടുത്തു മുടിഞ്ഞെന്നും നയാപൈസയില്ലെന്നും പ്രചാരണം തുടങ്ങി. ധവളപത്രം പ്രസിദ്ധീകരിച്ചതോടെ പറഞ്ഞതെല്ലാം തെറ്റാണെന്ന്‌ ജനങ്ങൾ മനസ്സിലാക്കി. ധവളപത്രം രാഷ്‌ട്രീയമായി ഗുണംചെയ്‌തില്ലെന്ന്‌ യുഡിഎഫിനുള്ളിലും ചർച്ചയുണ്ടായി.


ക്ഷേമപെൻഷൻ വിതരണത്തിന്‌ 1070 കോടി അനുവദിച്ചതും കെഎസ്‌ആർടിസിയിൽ സ്‌ത്രീകൾക്ക്‌ സ‍ൗജന്യയാത്ര തുടങ്ങാൻ പ്രേരിപ്പിച്ചതും ട്രഷറിയിൽ പണമുള്ളതിനാലാണ്‌. മെച്ചപ്പെട്ട നികുതി വരുമാനമാണെന്ന്‌ രണ്ടുമാസത്തെ ജിഎസ്‌ടി കണക്കുകൾ പുറത്തുവന്നതോടെ വീണ്ടും വ്യക്തമായി.


സർക്കാരിന്റെ നയം എന്തായിരിക്കുമെന്ന്‌ ധവളപത്രം സൂചന നൽകുന്നുണ്ട്‌. തീരങ്ങൾ സ്വകാര്യമേഖലയ്‌ക്ക്‌ തുറന്നുനൽകൽ, ആരോഗ്യമേഖലയിലെ സ്വകാര്യ പങ്കാളിത്തം‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽകരണം എന്നിവയ്‌ക്കുള്ള നിർദേശവുമുണ്ട്‌. കിഫ്‌ബിക്കെതിരായ നിലപാട്‌ യുഡിഎഫ്‌ തുടരുന്നതിനാൽ നിർമാണത്തിലുള്ള വൻകിട പദ്ധതികളുടെ ഭാവിയിൽ ആശങ്കയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home