പ്രവാസി സംരംഭകര്‍ക്ക് കേരള ബാങ്കുവഴി 100 കോടി രൂപയുടെ വായ്പ

loan coperative.
വെബ് ഡെസ്ക്

Published on Jul 18, 2025, 10:07 AM | 1 min read

തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ കേരള ബാങ്കിന്റെ സഹകരണത്തോടെ 100 കോടി രൂപയുടെ വായ്പകൾ ലഭ്യമാക്കും. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻഡിപിആർഇഎം) പദ്ധതിയുടെ ഭാഗമായാണ് ഈ സാമ്പത്തിക വർഷം വായ്പ നൽകുക.


നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. എൻഡിപിആർഇഎം പദ്ധതിയുടെ ഭാഗമായി 10 ലക്ഷംവരെയുള്ള സംരംഭകവായ്പകൾക്ക് ഈട് ഒഴിവാക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു. ഇതിനായി പുതിയ സംരംഭക വായ്പാ പദ്ധതി കേരള ബാങ്ക് അവതരിപ്പിക്കും. ആഗസ്തിനുശേഷം സംസ്ഥാനത്താകെ 30 വായ്പാ മേളകൾ സംഘടിപ്പിക്കാനും ധാരണയായി. പ്രവാസി പുനരധിവാസത്തിനായി നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പദ്ധതികൾക്ക് മികച്ച പിന്തുണ ലഭ്യമാക്കുമെന്നും കേരള ബാങ്ക് പ്രതിനിധികൾ വ്യക്തമാക്കി. തൈക്കാട് നോർക്ക സെന്ററിൽ നടന്ന യോഗത്തിൽ നോർക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശേരി, കേരള ബാങ്ക് സിഇഒ ജോർട്ടി എം ചാക്കോ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ടി രശ്മി തുടങ്ങിയവർ പങ്കെടുത്തു.


സംസ്ഥാനത്ത്‌ 823 ശാഖയുള്ള കേരള ബാങ്ക് ഉൾപ്പെടെ സംസ്ഥാനത്തെ 17 ബാങ്കിങ്, ധനസ്ഥാപനങ്ങൾ വഴിയാണ് എൻഡിപിആർഇഎം പദ്ധതി നടപ്പാക്കുന്നത്. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനും പദ്ധതി പ്രയോജനപ്പെടുത്താം. 30 ലക്ഷം രൂപവരെയുള്ള സംരംഭകവായ്പകളാണ് പദ്ധതിവഴി ലഭിക്കുന്നത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽനിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം. വെബ്സൈറ്റ്:

www.norkaroots.kerala.gov.in



deshabhimani section

Related News

View More
0 comments
Sort by

Home