കേരളത്തിലെ വിലക്ക് അത്ഭുതപ്പെടുത്തുന്നു: ഐഷി ഘോഷ്

നെബിൻ കെ ആസാദ്
Published on Aug 19, 2026, 02:42 AM | 1 min read
കോഴിക്കോട് : കേരളത്തിലും ആർഎസ്‌എസ് അജൻഡകൾ നടപ്പാക്കുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതായി എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. ആർഎസ്‌എസിന്റെയും ബിജെപിയുടെയും തീട്ടൂരങ്ങൾക്ക് ഭയക്കുന്നവരായി കോൺഗ്രസ് ഭരിക്കുന്ന കേരള സർക്കാരും മാറിയെന്നാണ് വ്യക്തമാകുന്നത്. നാഗ്‌പുരും കേരളവും തമ്മിലുള്ള അകലം കുറയുകയാണ്. ഡൽഹിയിൽ പൊലീസ് ഞങ്ങളെ തേടിവന്നു. ഇവിടെയും അതാവർത്തിക്കുന്നു. കേരളത്തിൽ ഇത്തരം നടപടികൾ പ്രതീക്ഷിച്ചില്ല. ഇത് ലജ്ജാകരമാണ്. ഡൽഹിയാണോ കേരളസർക്കാരിന്റെ മാതൃകയെന്നറിയാൻ താൽപ്പര്യമുണ്ട് –ജന്തർമന്തറിലെ സമരനായിക കൂടിയായ ഐഷി ഘോഷ് ‘ദേശാഭിമാനി’ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കേരളത്തിൽ സംഘപരിവാർ അജൻഡ വിലപ്പോകില്ലെന്നതിന് തെളിവാണ് വിലക്ക് അവഗണിച്ച് തലശേരിയിലെ ക്യാന്പസിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടി. രാജ്യത്താകെ വിദ്യാർഥികൾ സംഘപരിവാർ നയങ്ങൾക്കെതിരെ തുടരുന്ന പ്രക്ഷോഭത്തിന് ആവേശം പകരുന്നതാണ് ഇൗ അനുഭവം. കേരളമാണ് പ്രതീക്ഷ. സംഘപരിവാറുൾപ്പെടെയുള്ള ഫാസിസ്‌റ്റുകൾക്കെതിരായ ചെറുത്തുനിൽപ്പുകൾ നേരിടാനുള്ള ധൈര്യം ഒറ്റ ദിവസംകൊണ്ട് നേടിയതല്ല. അവർ നിരന്തരം വേട്ടയാടുമ്പോൾ ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന് കൂടുതൽ തിരിച്ചറിയാനായി. ആർഎസ്‌എസിനോടും അവരുടെ മത–വർഗീയ നയത്തോടും എസ്‌എഫ്‌ഐക്ക് വിട്ടുവീഴ്‌ചയില്ല. ഡൽഹിയിലെ സമരമുഖത്തും ഇത് തെളിയിക്കാനായി.
ജന്തർമന്തർ പ്രക്ഷോഭം രാജ്യത്തെല്ലാവിഭാഗം ജനങ്ങളുടെയും പ്രതീക്ഷ വർധിപ്പിച്ചു. ഭരണകൂടത്തിനെതിരെ എല്ലാ വിഭാഗവും ഭയമില്ലാതെ പ്രതികരിക്കാൻ തുടങ്ങി. സിജെപി ഉൾപ്പെടെയുള്ള സംഘടനകളെ ഏകോപിപ്പിച്ച് എസ്‌എഫ്‌ഐ വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെ മുന്നേറ്റമുണ്ടാക്കും. അടച്ചുപൂട്ടുന്ന സ്‌കൂളുകൾ സംരക്ഷിക്കാനായുള്ള "സ്‌കൂൾ ബച്ചാവോ' ക്യാമ്പയിനുമായി മുന്നോട്ടു പോവുമെന്നും ഐഷി പറഞ്ഞു.










0 comments