print edition കടം മാത്രം കണ്ടു; ആസ്‌തിയും വളർച്ചയും കണ്ടില്ല

ഒ വി സുരേഷ്
Published on Jun 06, 2026, 01:14 AM | 1 min read
തിരുവനന്തപുരം: ‘കേരളത്തിന്റെ സാമ്പത്തികാരോഗ്യം– തൽസ്ഥിതി റിപ്പോർട്ട്’ എന്നത് പേരിലേയുള്ളു; ധവളപത്രത്തിന്റെ ഉള്ളടക്കം രാഷ്‌ട്രീയ റിപ്പോർട്ടാണ്. പത്തുവർഷമായി ഒന്നും നടന്നിട്ടില്ലെന്നും സാമ്പത്തികമായി ദരിദ്രാവസ്ഥയിലാണെന്നും വരുത്തിതീർക്കാനും അതിനാൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്ന് സൂചിപ്പിക്കാനുമായിരുന്നു ധവളപത്രമിറക്കിയത്. കിഫ്‌ബിയെടുത്ത കടത്തെക്കുറിച്ച് പറയുന്ന ധവളപത്രം അതുണ്ടാക്കിയ ആസ്‌തിയും വരുമാനവും മറച്ചുവച്ചു.
സംസ്ഥാന ബജറ്റിലെ പ്ലാൻ ഫണ്ടുകൊണ്ടുമാത്രം അടിസ്ഥാനസൗകര്യമേഖലകളിൽ കേരളം ആഗ്രഹിക്കുന്ന വികസനം സാധ്യമാകാത്തപ്പോഴാണ് ദേശീയപാത അതോറിറ്റി മാതൃകയിൽ കിഫ്‌ബിയെ സർക്കാർ ഉപയോഗപ്പെടുത്തിയത്. കിഫ്‌ബിക്ക് 21,000 കോടി വായ്‌പാബാധ്യതയുണ്ടെന്ന് പറയുന്ന ധവളപത്രം സംസ്ഥാനത്തെ വലിയ വികസനകുതിപ്പ് മറച്ചുവച്ചു. ആകെ വരുമാനത്തിന്റെ 77 ശതമാനം ശമ്പളവും പെൻഷനും കൊടുക്കാനും 20.9 ശതമാനം പലിശയ്‌ക്കും വിനിയോഗിക്കുന്നതായും മൂലധനച്ചെലവ് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 1.3 ശതമാനം മാത്രമാണെന്നുമാണ് പറഞ്ഞുവച്ചത്.
ബജറ്റിലെ പ്ലാൻ ഫണ്ട് മാത്രമല്ല, വികസനത്തിനും മൂലധനച്ചെലവിനും വിനിയോഗിച്ചതെന്ന് ധനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിയാം. അവരെ ഇരുട്ടിൽ നിർത്തി പുറത്തുനിന്ന് തയ്യാറാക്കിയതിനാൽ ഇൗ വസ്‌തുതകൾ ധവളപത്രത്തിന്റെ ഭാഗമായില്ല. തദ്ദേശസ്ഥാപനങ്ങൾക്കുള്ള സംസ്ഥാന വിഹിതവും വികസനപദ്ധതികൾക്കായാണ് വിനിയോഗിക്കുന്നത്. അതും സംസ്ഥാനത്തിന്റെ മൂലധനച്ചെലവാണ്.
പത്ത് വർഷത്തിനിടയിൽ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഎസ്‌ഡിപി) 5.85 ലക്ഷം കോടിയിൽനിന്ന് 14.27 ലക്ഷം കോടി രൂപയായത് ധവളപത്രം കാണുന്നില്ല. രണ്ട് വൻപ്രളയം, ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ, കോവിഡ്, നിപ തുടങ്ങിയ മഹാമാരികൾ, ഒപ്പം കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം എന്നിവയെ അതിജീവിച്ചായിരുന്നു മുന്നേറ്റം. 2011–16 യുഡിഎഫ് കാലയളവിൽ കടം ഇരിട്ടിച്ചിട്ടും ജിഎസ്‌ഡിപി 3.64 ലക്ഷം കോടിയിൽനിന്ന് 5.85 ലക്ഷം കോടിയായതേയുള്ളൂ. യഥാർഥ സാമ്പത്തികനില പറയുന്നതിനു പകരം നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു സർക്കാർ.











0 comments