print edition യുഡിഎഫിന് ജയം

യുഡിഎഫ് വിജയം കെപിസിസി ഓഫീസിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ശശി തരൂർ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, സണ്ണി ജോസഫ്, വി ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം.102 സീറ്റിൽ വിജയിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തുന്നത്. എൽഡിഎഫ് 35സീറ്റിലും എൻഡിഎ മൂന്ന് സീറ്റിലും വിജയിച്ചു.
2025 ലെ തദ്ദേശതെരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ മൂന്നുമാസത്തിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫ് നിലനിർത്തി. കോൺഗ്രസ് 63, മുസ്ലിംലീഗ് 22, കേരള കോൺഗ്രസ് ഏഴ് എന്നിങ്ങനെയാണ് സീറ്റുനില. എൽഡിഎഫിൽ സിപിഐ എം 26 സീറ്റും സിപിഐ എട്ടും ആർജെഡി ഒരുസീറ്റും നേടി.
വി ഡി സതീശൻ, രമേശ് ചെന്നിത്തല, മുസ്ലിംലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ്, പി ജെ ജോസഫിന്റെ മകൻ അപു ജോസഫ്, ആർഎസ്‌പി നേതാവ് ഷിബു ബേബിജോൺ, സിഎംപി നേതാവ് സി പി ജോൺ തുടങ്ങിയ പ്രധാന യുഡിഎഫ് നേതാക്കൾ വിജയിച്ചു. ടി എൻ പ്രതാപൻ, വി എസ് ശിവകുമാർ തുടങ്ങിയവർ പരാജയപ്പെട്ടു.
മത്സരിച്ച മന്ത്രിമാരിൽ മുഖ്യമന്ത്രി പിണറായി വിജയൻ (ധർമടം), കെ എൻ ബാലഗോപാൽ (കൊട്ടാരക്കര), സജി ചെറിയാൻ (ചെങ്ങന്നൂർ), മുഹമ്മദ് റിയാസ് (ബേപ്പൂർ), കെ രാജൻ (ഒല്ലൂർ), ജി ആർ അനിൽ (നെടുമങ്ങാട്), പി പ്രസാദ് (ചേർത്തല) എന്നിവർ വിജയിച്ചു. പി രാജീവ്, എം ബി രാജേഷ്, വി ശിവൻകുട്ടി, വി എൻ വാസവൻ, ആർ ബിന്ദു, വീണാ ജോർജ്, ഒ ആർ കേളു, കെ ബി ഗണേഷ് കുമാർ, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, വി അബ്ദുറഹിമാൻ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പരാജയപ്പെട്ടു.
എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ പേരാമ്പ്രയിൽ പരാജയപ്പെട്ടു.
മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ യുഡിഎഫ് സമ്പൂർണ വിജയം നേടിയപ്പോൾ ശക്തമായ കാറ്റിനിടയിലും കണ്ണൂർ, തൃശൂർ, പാലക്കാട് ജില്ലകൾ ഇടതുപക്ഷത്തെ കൈവിടാതെ കാത്തു. അതിശക്തമായ പോരാട്ടമാണ് ബിജെപി വിജയിച്ച നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിൽ എൽഡിഎഫ് നടത്തിയത്.
ഹൈക്കമാൻഡ് നിർദേശിക്കുന്ന നടപടിക്രമങ്ങളനുസരിച്ച് മന്ത്രിസഭ രൂപീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ജനവിധി അംഗീകരിക്കുന്നുവെന്നും പരാജയത്തിൽനിന്ന് പാഠമുൾക്കൊണ്ട് മുന്നേറുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.










0 comments