ഏറ്റവും കൂടുതൽ പോളിങ് കുന്നമംഗലത്ത്, കുറവ് റാന്നിയിൽ; ഭാഗിക കണക്ക് പുറത്ത്

വോട്ട് ചെയ്യാനെത്തിയവര്‍ (File)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലാംദിവസം മണ്ഡലംതിരിച്ചുള്ള പോളിങ് കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമീഷൻ. പോളിങ് അന്തിമകണക്ക് പുറത്തുവിടാത്തതിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ വിമർശനവും പരാതികളും ഉയർന്നിരുന്നു. ഇതോടെയാണ് ഭാഗികമായ കണക്ക് പുറത്തുവിട്ടത്.
ബൂത്ത് തല വോട്ടുകളും പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും പുതിയ കണക്കിലും ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് 78.27 ശതമാനമാണ് ആകെ പോളിങ് രേഖപ്പെടുത്തിയത്.
കുന്ദമംഗലം മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ്- 84.83 ശതമാനം. ഏറ്റവും കുറവ് പോളിങ് റാന്നിയിൽ -68.99 ശതമാനം. ചിറ്റൂർ- 84.63 ശതമാനം, കുന്നത്തുനാട്- 84.09 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ രണ്ടും മൂന്നും മണ്ഡലങ്ങൾ.
സംസ്ഥാനത്തെ 39 മണ്ഡലങ്ങളിൽ 80 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തി. തിരുവല്ല, റാന്നി, കടുത്തുരുത്തി എന്നീ മണ്ഡലങ്ങളിൽ 70ൽ താഴെയാണ് പോളിങ് ശതമാനം.
സംസ്ഥാന ചരിത്രത്തിലെ പോളിങ് ഏറ്റവും ഉയർന്ന നാലാമത്തെ തെരഞ്ഞെടുപ്പാണിത്. 1960ലായിരുന്നു ഏറ്റവും കൂടുതൽ– 85.72, 1987ൽ 80.59 ശതമാനവും വോട്ടും രേഖപ്പെടുത്തി. പ്രചാരണത്തിന് ഏറ്റവും കുറച്ചുമാത്രം സമയംകിട്ടിയ തെരഞ്ഞെടുപ്പിന് മീനച്ചൂടിനേക്കാൾ കടുപ്പമായിരുന്നു. കോവിഡ് കാലമായിട്ടും 2021ൽ 74.06 ശതമാനവും 2016ൽ 77.35 ശതമാനവും പോളിങ് രേഖപ്പെടുത്തിയിരുന്നു.
എസ്‌ഐആറിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 2016ൽ 2,74,45,311 വോട്ടർമാരുണ്ടായിരുന്നെങ്കിൽ ഇത്തവണ 2,71,42,952 ആയി കുറഞ്ഞു. 30,495 ബൂത്തുകളിലായി വ്യാഴാഴ്‌ച രാവിലെ ഏഴിന് തുടങ്ങി വൈകിട്ട് ആറുവരെയായിരുന്നു വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മെയ് നാലിന്.










0 comments