അന്തിമ കണക്ക് തയാറായില്ല; പൂർണമായും വിവരങ്ങൾ പുറത്തുവിടാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ (വലത്)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ അന്തിമ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടാത്ത കണക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണക്ക് സംബന്ധിച്ചുള്ള വിവാദത്തിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പോസ്റ്റൽ വോട്ടുകൾ ഉൾപ്പെട്ടിട്ടുള്ള സർവീസ് വോട്ടർമാരുടെ കണക്കാണ് ലഭിക്കാത്തത്. അവർക്കയച്ച ബാലറ്റുകൾ വോട്ടെണ്ണൽ ദിവസം വരെ തിരിച്ചയക്കാൻ സമയം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്തിമ കണക്ക് വോട്ടെണ്ണം ദിവസത്തിൽ ലഭ്യമാകും.
ബാക്കി കണക്കുകൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമങ്ങൾക്കും ഔദ്യോഗികമായി നൽകിയിട്ടുണ്ട്. 78.27 ശതമാനം പോളിങ്ങ് കേരളത്തിൽ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ പോർട്ടലിൽ മണ്ഡലങ്ങൾ തിരിച്ചുള്ള ഹോം വോട്ടും തപാൽ വോട്ടും ചേർത്തിട്ടില്ല.
നിലവിലെ കണക്ക് വോട്ടെടുപ്പ് ദിവസം പ്രിസൈഡിങ് ഓഫീസർമാർ പിആർ ആപ്പിലേക്ക് നൽകിയിരുന്നു. ചില ജില്ലകളിൽ ഇൻഫർമേഷൻ വകുപ്പ് പോളിങ് കണക്ക് പ്രസിദ്ധപ്പെടുത്തി. വീട്ടിൽ വോട്ട്, തപാൽ വോട്ട് എന്നിവ ഉൾപ്പെടുത്താതെയുള്ള കണക്കുകളാണ് ഇവരും നൽകിയത്.
സർവീസ് വോട്ടിന്റെ എണ്ണം ഉൾപ്പെടെ വോട്ടെണ്ണൽ കഴിയുമ്പോൾ അന്തിമ കണക്കു നൽകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. വോട്ടിന്റെ കണക്കുകൾ പുറത്തുവിടാൻ വൈകിയിട്ടില്ലെന്നും പോസ്റ്റൽ വോട്ടിന്റെ കണക്ക് സമാഹരിക്കാൻ മൂന്നു ദിവസം മാത്രമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റൽ വോട്ടിന്റെ എണ്ണം ആകെ 3,68,193
മുതിർന്ന പൗരന്മാർ - 1,40,219 (ആകെ-1,45,604)
ഭിന്നശേഷിക്കാർ - 60,734 (62159)
അവശ്യസർവീസ് - 32,172 (34,140)
തിരഞ്ഞെടുപ്പ് ഡ്യൂട്ടി - 1,35,068
ഇനി ലഭിക്കാനുള്ളത് - 53,984 സർവീസ് വോട്ടുകൾ










0 comments